
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള കോൺഗ്രസിന്റെ ശ്രമമാണ് തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന അപവാദ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് സിപിഎം പറവൂർ ഏരിയ കമ്മിറ്റി അംഗവും ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ ജെ ഷൈൻ.
പങ്കാളിക്കൊപ്പം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍.
പ്രതിപക്ഷ നേതാവ് അറിയാതെ തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉയരില്ല. കോൺഗ്രസിന്റെ നിസഹായവസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും അവർ പറഞ്ഞു

‘സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ആരോപണ വിധേയനായ വൈപ്പിൻ എംഎൽഎയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്..’ – ഷൈന്‍ ടീച്ചര്‍ വ്യക്തമാക്കി. സെപ്തംബർ 11ന് ഒരു പൊതുവേദിയിൽ വെച്ച് പ്രാദേശിക കോൺഗ്രസ് നേതാവ് ടീച്ചറെ ഒരു ബോംബ് വരുന്നുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നും പറഞ്ഞിരുന്നു. എന്ത് കേട്ടാലും വിഷമിക്കരുത് എന്നും പറഞ്ഞു. അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞതാകാം. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് പുകമറ സൃഷ്ടിക്കുന്ന പോസ്റ്ററുകൾ പുറത്ത് വന്നത്. തന്റെ പേരെടുത്ത് പറയാതെയായിരുന്നു പോസ്റ്റർ. അതു കൊണ്ടാണ് പരാതി നൽകാതിരുന്നത്

രാഷ്ട്രീയത്തില്‍ വന്ന ജീര്‍ണ്ണതയുടെ ഭാഗമായിട്ടാണ് ഇത്തരം സൈബര്‍ ആക്രമണമെന്ന് ഷൈന്‍ ടീച്ചറുടെ പങ്കാളി ഡൈന്യൂസും പ്രതികരിച്ചു. ‘തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്.
വീടിന്റെ വാതില്‍ ചവിട്ടി പ്പൊളിച്ചെന്നാണ് പോസ്റ്റുകളില്‍ പറഞ്ഞത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ വാതില്‍ പരിശോധിക്കാം’ –
ഡൈന്യൂസ് മാധ്യമങ്ങളോട് വ്യക്തമാക്കി
‘ആരോപണങ്ങളില്‍ ആദ്യം മാനസിക ബുദ്ധിമുട്ടുണ്ടായി. ആരെയും എങ്ങനെ വേണമെങ്കിലും ആക്രമിക്കാമെന്ന രീതിയാണ്. പറവൂരിലെ ഒരു വ്യക്തിയുടെ ഫേസ്ബുക്കിലാണ് ഈ പോസ്റ്റ് ആദ്യം വന്നത്. നാളെയും തമ്മില്‍ കാണേണ്ടവരാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത്. ഇതിന് നേതൃത്വം നല്കുന്നവര് അവര്‍ക്കും മക്കളും ഭാര്യയുമുണ്ട് എന്ന് ഓര്‍ക്കണം’- ഡൈന്യൂസ് കൂട്ടിച്ചേര്‍ത്തു

