
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീജയാണ് ആത്മഹത്യ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ബിജു മോഹൻ ആരോപണങ്ങൾ ഉന്നയിച്ചതിൽ മനം നൊന്താണ് ആത്മഹത്യയെന്ന് ശ്രീജയുടെ കുടുംബവും കോണ്‍ഗ്രസും ആരോപിച്ചു. ആര്യനാട് – കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജ ഇന്ന് രാവിലെയാണ് മരിച്ചത്. ഇന്നലെ CPM ബിജു മോഹന്റെ നേതൃത്വത്തിൽ ശ്രീജയ്ക്കെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. ശ്രീജ മൈക്രോ ഫിനാൻസുകളിൽ നിന്നെടുത്ത പണം തിരിച്ചു കൊടുക്കാത്തത് തട്ടിപ്പാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. ഇതിൽ വലിയ മനോവിഷമത്തിലായിരുന്നു ശ്രീജയെന്ന് ഭർത്താവ് ജയൻ പറയുന്നു.

ഇന്ന് രാവിലെ വീട്ടിൽ ആസിഡ് കുടിച്ച നിലയിൽ കണ്ടെത്തിയ ശ്രീജയെ ഉടൻ തന്നെ വീട്ടുകാർ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീജ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായാണ് വിവരങ്ങൾ. കടുത്ത സാമ്പത്തിക പ്രശ്നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് ശ്രീജ നാട്ടുകാർക്ക് പണം കൊടുക്കാനുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
മൃതദേഹം ആര്യനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ശ്രീജയുടെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങാൻ സമ്മതിക്കാതെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ആര്യനാട് പഞ്ചായത്ത് പ്രസിഡണ്ടിനും മറ്റ് സിപിഎം പ്രവർത്തകർക്കുമെതിരെ എഫ്ഐആർ ഇടണം എന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.


