
വാഹനാപകടത്തില്‍ പരിക്കേറ്റ നടൻ ഷൈന്‍ ടോം ചാക്കോയുടെ നില തൃപ്തികരമെന്ന് റിപ്പോർട്ട്. നടന് കൈക്കാണ് പരിക്കേറ്റത്. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവില്‍ ധര്‍മ്മപുരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആണ് ഷൈന്‍. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ പിന്‍സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു ഷൈന്‍

അപകടത്തില്‍ ഷൈനിന്റെ പിതാവ് സി പി ചാക്കോ മരിച്ചിരുന്നു. അമ്മയ്ക്കും സഹോദരനും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സയ്ക്ക് പോകവേയായിരുന്നു അപകടം. തമിഴ്നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. കുടുംബം സഞ്ചരിച്ച കാറില്‍ ദിശ തെറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ എല്ലാവരെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന് രക്ഷിക്കാനായില്ല

അതേസമയം നടന് ഷൈനിനേയും സഹോദരങ്ങളേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ നിര്മ്മിക്കാനിരിക്കേയാണ് പിതാവ് സി.പി ചാക്കോയുടെ ദാരുണാന്ത്യം. ‘ഒപ്പീസ്’എന്നു പേരിട്ട സിനിമയ്ക്കായി ചാക്കോ കരാറുണ്ടാക്കിയത് മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ്. കരാര്‍ ഫിലിം ചേംബറിനു സമര്‍പ്പിക്കാനിരിക്കേയാണ് ചാക്കോ മരിച്ചത്. ശവ സംസ്കാരച്ചടങ്ങിന്റെ പ്രാര്‍ത്ഥനാ ചടങ്ങുകളിലെ ആദ്യഘട്ടമാണ് ‘ഒപ്പീസ്’. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനും പരോപകാരിയുമായിരുന്നു ചാക്കോയെന്ന് നാട്ടുകാര്‍ പറയുന്നു. പതിനൊന്നു വര്‍ഷമായി തൃശൂരിലെ മുണ്ടൂരിലാണ് ചാക്കോയും കുടുംബവും താമസിക്കുന്നത്. ഒരാഴ്ച മുന്‍പാണ് വീട്ടില്‍ നിന്നും പോയത്. അയല്‍വാസിയായ സൈമണെ വീട് നോല്ക്കാനേല്പ്പിച്ചാണ് ചാക്കോയും കുടുംബവും ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്.

