15 വർഷം മുമ്പ് കാണാതായ 20 കാരിയെ കൊന്ന് കുഴിച്ചിട്ടെന്ന് സൂചന.. സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന

ആലപ്പുഴ: മാന്നാറിൽ 15 വര്‍ഷം മുൻപ് കാണാതായ 20 കാരിയെ കൊന്ന് കുഴിച്ചിട്ടെന്ന് പ്രതികളുടെ മൊഴി. കലയെന്ന കാണാതായ യുവതിയുടെ മൃതദേഹത്തിനായി പരിശോധന തുടങ്ങി. കലയുടെ ഭർത്താവ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തുന്നത്. 15 വർഷം മുമ്പ് കൊന്നു കുഴിച്ചു മൂടിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
മുമ്പ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥലത്താണ് കുഴിച്ച് പരിശോധന നടത്തുന്നത്

15 വർഷം മുമ്പാണ് കലയെ കാണാതാവുന്നത്. അനിലിന്റേയും കലയുടേയും പ്രണയ വിവാഹമായിരുന്നു. ഒരു കുഞ്ഞുണ്ടായിരുന്നു. സ്വന്തം വീട്ടുകാരുമായി കലയ്ക്ക് വലിയ അടുപ്പമില്ലായിരുന്നു. കലയെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. അനിൽ വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
അനില്‍ ഇപ്പോള്‍ ഇസ്രയേലിൽ ജോലി ചെയ്യുകയാണ്

2 മാസം മുൻപ് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ 4 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 5 പേര്‍ ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ചു മൂടിയെന്നായിരുന്നു
രഹസ്യ വിവരം. പിടിയിലായവരെല്ലാം കലയുടെ ഭര്‍ത്താവിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. പ്രതിയായ അഞ്ചാമനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മാന്നാറിൽ പെൺകുട്ടി താമസിച്ചിരുന്ന സ്ഥലത്ത് തന്നെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ്
തെളിവുകൾ ശേഖരിക്കുക, മൃതദേഹാവശിഷ്ടം ഉണ്ടോയെന്ന് ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ പോലീസ് പരിശോധന നടത്തുന്നത്