ജപ്പാന്റെ എപ്‌സിലോണ്‍ റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു

ടോക്കിയോ: ജപ്പാന്റെ ബഹിരാകാശ ഏജന്‍സി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ആളുകള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടുവെന്ന് ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി അറിയിച്ചു.

വടക്കുകിഴക്കന്‍ ജപ്പാനിലെ അകിത പ്രിഫെക്ചറില്‍ ഉണ്ടായ പൊട്ടിത്തെറിക്ക് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവം അന്വേഷിച്ചുവരികയാണെന്ന് ജാക്‌സ പറഞ്ഞു. ജപ്പാന്റെ എപ്‌സിലോണ്‍ എസ് റോക്കറ്റിനായുള്ള പരീക്ഷണം എപ്പോള്‍ പുനരാരംഭിക്കുമെന്ന് വ്യക്തമല്ലെന്നും ജാക്‌സ പറഞ്ഞു.

പരീക്ഷണം സാധാരണ രീതിയിലാണ് തുടങ്ങിയത്. ആദ്യം ഒരു വെളുത്ത പുക ഉയര്‍ന്നിരുന്നു. ഏകദേശം ഒരു മിനിറ്റിന് ശേഷം റോക്കറ്റ് പൊട്ടിത്തെറിക്കുകയും തീജ്വാലകളും ചാരനിറത്തിലുള്ള പുകയും മുകളിലേക്ക് ഉയരുകയും ചെയ്തു. റോക്കറ്റിന്റെ മേല്‍ഭാഗം ഒരു കെട്ടിടത്തിന് മുകളിലേക്കാണ് തെറിച്ചുപോയത്.

ചെറിയ ഉപഗ്രഹങ്ങള്‍ക്കായുള്ള വിക്ഷേപണ വിപണിയിലേക്ക് പൂര്‍ണ്ണമായി പ്രവേശിക്കാനുള്ള ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സയുടെ (ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി) അഭിലാഷങ്ങള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്.ഈ വര്‍ഷം എപ്‌സിലോണ്‍ എസ് ഡെമോണ്‍സ്ട്രേഷന്‍ റോക്കറ്റ് വിക്ഷേപണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അത് പരാജപ്പെട്ടിരുന്നു. H3 എന്ന മറ്റൊരു തരം റോക്കറ്റിന്റെ ജാക്‌സ വിക്ഷേപണവും മാര്‍ച്ചില്‍ പരാജയപ്പെട്ടു. നേരത്തെ നിരവധി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് അയച്ച ജപ്പാന്റെ റോക്കറ്റാണ് എപ്‌സിലോണ്‍.