വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണ അബ്ദുല്‍ ഖാദര്‍ മൗലവിയെ ഉടന്‍ തന്നെ താണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 79 വയസ്സായിരുന്നു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കൂടിയായിരുന്നു അബ്ദുല്‍ ഖാദര്‍ മൗലവി.

കേരള ടെക്സ്റ്റയില്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി ജോലി ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ചന്ദ്രിക ഗവേണിംഗ് ബോഡി ചെയര്‍മാനാണ്. കണ്ണൂരിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന അബ്ദുല്‍ ഖാദര്‍ മൗലവി അധ്യാപകനായാണ് രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെച്ചത്. മലബാറിലെ മുസ്ലിം ലീഗിന്റെ സൗമ്യ മുഖവും നിറഞ്ഞ പുഞ്ചിരിയുമായിരുന്നു.

നാല്‍പ്പതു വര്‍ഷമായി കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗിന്റെ ഭാരവാഹിത്വത്തിലുള്ള നേതാവാണ്. ഒ.കെ. മുഹമ്മദ് കുഞ്ഞി, കേയി സാഹിബ്, ഇ.അഹമ്മദ്, സി പി മഹ്‌മൂദ് ഹാജി, എന്‍.എ. മമ്മുഹാജി തുടങ്ങിയ പഴയകാല ലീഗ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അബ്ദുല്‍ ഖാദര്‍ മൗലവി കണ്ണൂരിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു. മരണ വിവരമറിഞ്ഞ് ആശുപത്രിയിലും കണ്ണൂരിലെ വീട്ടിലും നിരവധി പേരെത്തി. സംസ്‌കാരം നാളെ രാവിലെ എട്ട് മണിക്ക് നടക്കും.