കടലിനു മുകളില്‍ സാഹസിക യാത്ര നടത്തി കല്യാശ്ശേരി എംഎല്‍എ എം.വിജിന്‍. കടലില്‍ എം.വിജിന്‍ ഒരു യുദ്ധ കപ്പലില്‍ നിന്നു മറ്റൊരു യുദ്ധ കപ്പലിലേക്ക് കയറില്‍ തൂങ്ങി നടത്തിയ യാത്രയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ നേവിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളുമായി പങ്കുവെക്കുന്നതിന്റെ ഭാഗമായി സതേണ്‍ നേവല്‍ കമാന്‍ഡ് ഒരുക്കിയ പരിപാടിയുടെ ഭാഗമായി കൊച്ചി നാവിക അക്കാദമിയില്‍ എത്തിയതായിരുന്നു എംഎല്‍എ. അതോടൊപ്പം രാജ്യസുരക്ഷയും തീര സംരക്ഷണവും ദുരന്തനിവാരണവും തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.
നേവി നല്‍കുന്ന പരിശീലനങ്ങളുടെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെടുത്തുകയും കപ്പലുകളും ഹെലികോപ്റ്ററുകളും ചെറു വിമാനങ്ങളും അവയുടെ ശേഷിയും എല്ലാം അടുത്തറിയാന്‍ മികച്ച അവസരമാണ് ഇതിലൂടെ ലഭിച്ചത്. രണ്ടാം ദിവസം പുറംകടലില്‍ നേവിയുടെ യുദ്ധ കപ്പലില്‍ യാത്ര ചെയ്യാനുള്ള അവസരമായിരുന്നു. അതാണ് വിജിന്‍ ഉപയോഗപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന മറ്റ് യുവ ജനപ്രതിനിധികള്‍ ഈ സാഹസത്തിനു മുതിര്‍ന്നില്ല.നേവിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ അവസരം നല്‍കിയ കേരള സര്‍ക്കാരിനും, സതേണ്‍ നേവല്‍ കമാന്‍ഡ് ഇന്‍ ചീഫിനും ,ഓഫീസര്‍മാര്‍ക്കും വിജിന്‍ നന്ദി അറിയിച്ചു. കടലിലെ യാത്രയുടെ ദൃശ്യങ്ങള്‍ വിജിന്‍ എംഎല്‍എ ഫെയ്‌സ്ബുക് പേജില്‍ പോസ്റ്റ് ചെയ്തു