സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 57 ആക്കണമെന്ന് ആവശ്യപ്പെട്ട് ശമ്പള പരിഷ്‌കരണ കമ്മിഷനാണ് ശുപാര്‍ശ നല്‍കിയത്. ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കണമെന്നും അവധി ദിവസങ്ങള്‍ പന്ത്രണ്ടായി കുറയ്ക്കണമെന്നും ശുപാര്‍ശയുണ്ട്.ശനിയാഴ്ചയിലെ പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിന് പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 ആക്കി ദീര്‍ഘിപ്പിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു…

എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തില്‍ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.