ശശി തരൂര്‍ കുറ്റവിമുക്തന്‍…

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍… തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി ഉത്തരവിട്ടു. തരൂരിനെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ശശി തരൂരിനെതിരായ എല്ലാ കുറ്റങ്ങളും കോടതി ഒഴിവാക്കി. ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. നീതിപീഠത്തിന് നന്ദിയെന്നും ഏഴു വര്‍ഷം നീണ്ട വേട്ടയാടല്‍ അവസാനിച്ചുവെന്നും ശശി തരൂര്‍ പ്രതികരിച്ചു. 2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്ക്ഗുളിക പോലെയുള്ള മരുന്നുഗുളികകള്‍ അമിതമായി കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പന്ത്രണ്ടോളം ചെറിയ മുറിവുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ മകന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ മൊഴിയെടുത്തു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. 2014 ജനുവരി 23 നാണ്് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.