ഇനി മിലിട്ടറി ഫോഴ്‌സില്‍ ചേരാന്‍ കന്യകാത്വ പരിശോധന വേണ്ട; തീരുമാനവുമായി ഇന്തോനേഷ്യേന്‍ സൈന്യം

ഇന്തോനേഷ്യയില്‍ നാഷണല്‍ മിലിട്ടറി ഫോഴ്‌സില്‍ ചേരുന്നതിന് മുന്നേ വനിതാ കേഡറ്റുകളില്‍ നടത്തിയിരുന്ന കന്യകാത്വ പരിശോധന നിര്‍ത്തലാക്കാനൊരുങ്ങി ഇന്തോനേഷ്യേന്‍ സൈന്യം. ഇന്തോനേഷ്യന്‍ സൈനിക മേധാവി ജനറല്‍ അന്‍ഡിക പേര്‍കസ തന്നെ ഇക്കാര്യം അറിയിച്ചു.
ഇനി മുതല്‍ കേഡറ്റുകളുടെ കായിക ക്ഷമതയും നട്ടെല്ലിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനവും വര്‍ണാന്ധതയുടെ പരിശോധനയും മാത്രമാണ് കണക്കിലെടുക്കുകയെന്നും. കന്യകാത്വ പരിശോധനകള്‍ സൈന്യത്തില്‍ ഉണ്ടാവില്ലെന്നുമാണ് ആര്‍മി മേധാവി അന്‍ഡിക പേര്‍കസ പറഞ്ഞത്.

മിലിട്ടറി ഫോഴ്‌സില്‍ ചേരാന്‍ കന്യകാത്വ പരിശോധന മാനദണ്ഡമാക്കരുതെന്നും ഇത്തരം പരിശോധനകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്നും ചൂണ്ടിക്കാട്ടി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എച്ച്.ഒ.) കന്യകാത്വ പരിശോധന നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെതന്നെ രംഗത്ത വന്നിരുന്നു.

ഇത്തരം കന്യകാ പരിശോധനകള്‍ വനിതാ കേഡറ്റുകള്‍ക്ക് മാനസികമായ പിരിമുറുക്കം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ 2015ല്‍ അന്നത്തെ ആരോഗ്യ മന്ത്രിയായ നില മൊലൂക് പരസ്യമായി രംഗത്ത് വന്നിരുന്നു. അതോടെ ഈ വിഷയം വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.