ഇ ബുള്‍ ജെറ്റ് കേസില്‍ എംവിഡി കുറ്റപത്രം സമര്‍പ്പിച്ചു;  ആര്‍ടിഒ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ കുടുങ്ങും; കേസെടുക്കാനൊരുങ്ങി പോലീസ്

ഇബുള്‍ ജെറ്റിനെതിരായ കേസില്‍ എംവിഡി കുറ്റപത്രം സമര്‍പ്പിച്ചു. പിഴത്തുകയായ 42,400 രൂപ ഒടുക്കാത്തതിനെ തുടര്‍ന്നാണ് എംവിഡി കുറ്റപത്രം നല്‍കിയത്. ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ എംവിഡി നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അതേസമയം ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ബഹളം വച്ച ദിവസത്തില്‍ ഓഫീസിലെ ലാന്‍ഡ് ലൈനില്‍ വിളിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

നേരത്തെതന്നെ വ്‌ളോഗര്‍മാരായ ഇബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ജില്ലാ സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ബി പി ശശീന്ദ്രന്‍ മുഖേന വെള്ളിയാഴ്ച്ച ഹര്‍ജി നല്‍കും.കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ അതിക്രമിച്ചുകയറി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ലിബിനും എബിനും ജാമ്യം ലഭിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ച വ്‌ളോഗര്‍മാര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെറ്റായ കീഴ്‌വഴക്കക്കമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും പരിഗണിക്കാതെ ആയിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചതിന് പിന്നാലെ വ്‌ളോഗര്‍ സഹോദരങ്ങള്‍ മുമ്പ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഉള്ളടക്കത്തെ കുറിച്ച് ലിബിനെയും എബിനെയും നാല് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും, ക്യാമറയും ഫൊറന്‍സിക് പരിശോധനക്കയച്ചു. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.