എതിരാളി ലോക ചാമ്പ്യനും ഒന്നാം നമ്പരുമൊക്കെയായിരിക്കാം, പക്ഷേ ചരിത്രത്തിന്റെ വാതില്‍ ഇടിച്ചു തുറക്കാന്‍ തുനിഞ്ഞിറങ്ങിയതാണെങ്കിൽ എന്തിന് ഭയപ്പെടണം. ഭാരതീയരുടെ മനസ്സിലേക്ക് ഇടിച്ചു കയറുക തന്നെയാണ് ഇന്ത്യയുടെ ലവ്‌ലി ലവ്ലീന. ഒളിമ്പിക്‌സ് ബോക്സിങ്ങിൽ ഇന്ത്യക്ക് ഒരു മെഡൽ. ലവ്‌ലീന ഈ മെഡൽ അണിഞ്ഞു നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളും സന്തോഷത്തിന്റെ കൊടുമുടിയിൽ തന്നെ. ഒന്‍പതുപേരുമായി ടോക്യോയിലെത്തിയ ഇന്ത്യന്‍ ബോക്‌സിംഗ് സംഘത്തിലെ ഏകമെഡലായി മാറുന്നു ലവ്ലിന.
എതിരാളി ലോക ഒന്നാം നമ്പർ താരം തുർക്കിയുടെ ബുസനാസ് സുർമനെലി. എതിരാളിയുടെ പെരുമ യൊന്നും ലവ്ലീന യുടെ ആത്മവിശ്വാസത്തിന് തടസ്സമായില്ല… ലക്ഷ്യം നേടാൻ കൈമെയ് മറന്ന് മത്സരിച്ചു. ഇടിച്ചുകയറിയത് ചെറിയ നേട്ടത്തിലേക്കുമല്ല. ഇന്ത്യക്ക് വീണ്ടും അഭിമാനിക്കാം. വിജേന്ദർ സിംഗിനും മേരി കോമിനും ശേഷം ബോക്സിംഗിൽ ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാം ഇന്ത്യൻ താരം. ഒട്ടും നിരാശയില്ല… ലവ് യൂ ലവലീന.