സി പി ഐ ക്ക് മറുപടിയുമായി പി ജയരാജൻ

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

പാർട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന ലക്ഷക്കണക്കിന് യുവാക്കൾ അണിനിരക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി​ പി.ജയരാജൻ. ആ പാർട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന ചിലർ ചെയ്​ത തെറ്റിന്‍റെ പേരിൽ പാർട്ടിയോട് ആത്മാർത്ഥത കാണിക്കുന്ന യുവാക്കളെയാകെ തള്ളിപ്പറയാൻ പാർട്ടി തയ്യാല്ല . ക്വട്ടേഷൻ ബന്ധമെന്ന ആരോപണം സിപിഎമ്മിനെതിരായ നുണ പ്രചാരണമാണ്. വലതുപക്ഷ മാധ്യമങ്ങളിൽ കവറേജ് കിട്ടാൻ സിപിഎം ഭൂതകാലത്തെ തള്ളിപ്പറയാറില്ലെന്നും ജയരാജൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിപിഎമ്മിനെതിരെ വിമർശനവുമായി സിപിഐ കണ്ണൂർ ജില്ല സെക്രട്ടറി രം​ഗത്തെത്തിയിരുന്നു. ചെഗുവേരയുടെ ചിത്രം നെഞ്ചില്‍ പച്ചകുത്തിയും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്നതടക്കം രൂക്ഷ വിമർശനമായിരുന്നു അദ്ദേഹം ഉന്നയിച്ചത്. പിന്നാലെയാണ് ജയരാജന്റെ മറുപടി.ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു പി ജയരാജന്റെ പ്രതികരണം

ഫേസ്ബുക് പോസ്റ്റ് ന്റെ പൂർണ്ണ രൂപം

ക്വട്ടേഷൻ/കുഴൽപ്പണ മാഫിയക്കാരിൽ ചിലരുടെ പേര് പറഞ്ഞു ഒറ്റപ്പെടുത്താനും ഇത്തരം സംഘങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താനും മുന്നോട്ട് വന്ന സിപിഐഎമ്മിനെതിരെ എതിരാളികൾ നടത്തുന്ന നുണ പ്രചാരണങ്ങൾ അവസാനിക്കുന്നില്ല.മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത എല്ലാ തെറ്റുകൾക്കെതിരെയും പ്രതികരിക്കുന്ന പാർട്ടിയാണ് സിപിഐഎം.അതാണ് കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിനെ തുടർന്ന് പാർട്ടി കൈക്കൊണ്ടത്.പാർട്ടിക്ക് ത്രികാലജ്ഞാനം ഉണ്ടാവണമെന്നാണ് ചിലർ ശഠിക്കുന്നത്.


എന്നുമാത്രമല്ല സിപിഐഎമ്മിന്റെ ഭൂതകാലത്തെ വേട്ടയാടാനും അവർ ശ്രമിക്കുന്നു.
അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ രാഷ്ട്രീയമാണ് പാർട്ടി കൈകാര്യം ചെയ്യുന്നത്.അതുകൊണ്ട് തന്നെ കോർപ്പറേറ്റ് താൽപര്യക്കാർ എല്ലായ്പ്പോഴും പാർട്ടിക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്.പാർട്ടിയെ ആശയപരമായി മാത്രമല്ല കായികമായും ആക്രമിക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിച്ചിട്ടുണ്ട്.അത്തരം ഘട്ടങ്ങളിലെല്ലാം ജനങ്ങളെ അണിനിരത്തി ചെറുത്തുനിന്നിട്ടുള്ള പാർട്ടിയാണിത്.
അവിഭക്ത കമ്മ്യുണിസ്റ് പാർട്ടിയുടെ കാലത്തും അത്തരം ചെറുത്തുനിൽപ്പുകൾക്ക് മുൻപന്തിയിൽ നിന്ന് നേതൃത്വം കൊടുക്കുകയുണ്ടായി.
അക്കാലത്ത് ഇങ്ങനെയുള്ള ചെറുത്ത്നിൽപ്പുകൾക്ക് നിന്ന ചിലരെ പിൽക്കാലത്ത് അവർ ചെയ്ത തെറ്റിന്റെ പേരിൽ അവിഭക്ത പാർട്ടി തന്നെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുമുണ്ട്.അതെല്ലാം ചിലർ മറന്നുപോവുകയാണ്.സിപിഐഎം രൂപപ്പെട്ടതിനു ശേഷവും കോൺഗ്രസ്സിന്റെയും ആർഎസ്എസിന്റെയും കായികാക്രമണങ്ങളെ പ്രതിരോധിച്ചിട്ടുണ്ട്.അതിന്റെ പേരിൽ വലതുപക്ഷ മാധ്യമങ്ങൾ സിപിഐഎമ്മിനെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചിട്ടുമുണ്ട്.വലതുപക്ഷ മാധ്യമങ്ങളിൽ കവറേജ് കിട്ടാൻ ഭൂതകാലത്തെ തള്ളിപ്പറയാൻ സിപിഐഎം തയ്യാറല്ല.
വിരലിലെണ്ണാവുന്ന തെറ്റ് ചെയ്തവരെ എന്തുകൊണ്ട് നിങ്ങൾ മൂന്ന് വര്ഷം മുൻപ് തള്ളിപ്പറഞ്ഞില്ല എന്ന ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത്.ത്രികാലജ്ഞാനമില്ലെന്നാണ് മറുപടി.അരിവാൾ ചുറ്റിക നക്ഷത്രം ലോക്കറ്റായി ഉപയോഗിക്കുന്നവരെയെല്ലാം ക്വട്ടേഷൻ സംഘങ്ങളായി കുറ്റപ്പെടുത്താനാണ് ചിലർ തയ്യാറാവുന്നത്.പാർട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന ലക്ഷക്കണക്കിന് യുവാക്കൾ അണിനിരക്കുന്ന പാർട്ടിയാണ് സിപിഐഎം.ആ പാർട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന ചിലർ ചെയ്ത തെറ്റിന്റെ പേരിൽ പാർട്ടിയോട് ആത്മാർത്ഥത കാണിക്കുന്ന യുവാക്കളെയാകെ തള്ളിപ്പറയാൻ പാർട്ടി തയ്യാറല്ല.മൂന്ന് നാല് വർഷങ്ങൾക്ക് മുൻപ് സംഘടന ഒഴിവാക്കിയ അത്തരക്കാരുടെ പേരുപയോഗിച്ചാണ് ഇപ്പോൾ സിപിഐഎം വിരുദ്ധ പ്രചാരവേല.ബ്ലേഡ് മാഫിയ പ്രവർത്തനത്തിനെതിരെ വർഷങ്ങൾക്ക് മുൻപ് തന്നെ നിലപാട് കൈക്കൊണ്ട പാർട്ടിയാണ് സിപിഐഎം.
കോൺഗ്രസ്സ്/ആർഎസ്എസ് നേതൃത്വമാവട്ടെ ക്വട്ടേഷൻ സംഘങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഇവരെല്ലാം ചേർന്നാണ് പാർട്ടി ഗ്രാമമെന്നും മറ്റും പേരുള്ള ഇല്ലാക്കഥകൾ പറഞ് കണ്ണൂർ ജില്ലയിലെ സിപിഐഎമ്മിനെ കുറ്റപ്പെടുത്തുന്നത്.അവസരം മുതലാക്കാനും മാധ്യമശ്രദ്ധ നേടാനും ചില സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ട്.തീർച്ചയായും ജനങ്ങൾ ഇക്കാര്യങ്ങളെല്ലാം തിരിച്ചറിയും.