നാളെ മുതൽ സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളൾ . 2020-21 സാമ്പത്തിക വർഷത്തിന്‍റെ അവസാനദിനമായ ഇന്ന് സാമ്പത്തിക സംബന്ധമായ പല നടപടികൾക്കുള്ള അവസാന അവസരമാണ്.
ഇന്ന് അവസാനിക്കുന്നവ
2019-20 വർഷത്തെ ആദായ നികുതി റിട്ടേണും (അസസ്‌മെന്‍റ് വർഷം 2020-21) തിരുത്തിയ റിട്ടേണും പിഴയില്ലാതെ സമർപ്പിക്കാനുള്ള അവസാന തീയതി.
2020-21 സാമ്പത്തികവർഷത്തെ ആദായ നികുതി ഇളവു ലഭിക്കാൻ അർഹമായ നിക്ഷേപങ്ങളും ചെലവുകളും നടത്തേണ്ടുന്ന അവസാന തീയതി.
നികുതിയിളവു ബാധകമായ ലീവ് ട്രാവൽ കൺസഷൻ കാഷ് വൗച്ചർ സമർപ്പിക്കാൻ സർക്കാർ ജീവനക്കാർക്കുള്ള അവസാന തീയതി.
ആധാർ കാർഡും പെർമനന്‍റ് അക്കൗണ്ട് നമ്പറും (പാൻ കാർഡ്) തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന അവസരമാണിന്ന്. ബന്ധിപ്പിച്ചില്ലെങ്കിൽ നാളെ മുതൽ പാൻ അസാധുവാകും.
നാളെമുതലുണ്ടാകുന്ന മാറ്റങ്ങൾ
പാസ് ബുക്ക്, ചെക് ബുക്ക്
ദേനാ ബാങ്ക്, വിജയാ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ എട്ടു ബാങ്കുകൾ അക്കൗണ്ട് ഉടമകൾക്കു നൽകിയിട്ടുള്ള പാസ്ബുക്കിനും ചെക്ക് ബുക്കിനും നാളെ മുതൽ പ്രാബല്യമില്ല.
ഈ ബാങ്കുകൾ ബാങ്ക് ഓഫ് ബറോഡ (ദേനാ, വിജയ), പഞ്ചാബ് നാഷനൽ ബാങ്ക് (ഓറിയന്‍റൽ, യുണൈറ്റഡ്), കാനറ ബാങ്ക് (സിൻഡിക്കറ്റ്), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (ആന്ധ്ര, കോർപറേഷൻ), ഇന്ത്യൻ ബാങ്ക് (അലഹാബാദ്) എന്നീ ബാങ്കുകളിൽ ലയിപ്പിച്ചതുകൊണ്ടാണ് ഈ മാറ്റം. ഈ അക്കൗണ്ടുടമകൾ, ഏതു ബാങ്ക് ശാഖയിലേക്കാണോ ലയിപ്പിക്കപ്പെട്ടത്, അവിടെനിന്ന് പുതിയ ചെക്ബുക്കും പാസ് ബുക്കും വാങ്ങണം. പുതിയ ഐഎഫ്എസ് കോഡ്, എംഐസിആർ കോഡ് എന്നിവ മനസിലാക്കണം.
എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടിലെ (ഇപിഎഫ്) നിക്ഷേപം ഒരു വർഷം 2.5 ലക്ഷത്തിൽ കൂടുതലായാൽ അതിന്റെ പലിശയ്ക്ക് ആദായ നികുതി നൽകണമെന്ന വ്യവസ്ഥ നാളെ പ്രാബല്യത്തിലാകും.
2 വർഷമായി ആദായ നികുതി റിട്ടേൺ നൽകുന്നതു മുടക്കിയവരിൽനിന്ന്, ഇടപാടുകൾക്കു സ്രോതസ്സിൽ പിടിക്കുന്ന നികുതിയുടെ (ടിഡിഎസ്, ടിസിഎസ്) നിരക്ക് ഇരട്ടിയാകും.
പുതിയ സാമ്പത്തിക വർഷം മുതൽ, ഐടി റിട്ടേൺ ഫോമുകളിൽ കൂടുതൽ വിവരങ്ങൾ നികുതിവകുപ്പു തന്നെ രേഖപ്പെടുത്തും. നിലവിൽ, ശമ്പളം, മുൻകൂർ നികുതി തുടങ്ങിയ വിവരങ്ങളാണുള്ളത്. ഇനി മുതൽ മറ്റു വരുമാന സ്രോതസ്സുകളിൽനിന്നുള്ള വരുമാനവും ഉൾപ്പെടുത്തും.
ജിഎസ്ടി ഇൻവോയ്‌സ് മാറ്റം
50 കോടിക്കു മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് വ്യാപാര ഇടപാടുകൾക്ക് നാളെ മുതൽ ഇ-ഇൻവോയ്‌സിങ് നിർബന്ധം. ഇൻവോയ്സിങ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കും, സേവനങ്ങൾക്കും പുറമെ വ്യാപാരി നൽകുന്ന ക്രെഡിറ്റ്/ഡെബിറ്റ് നോട്ടുകൾക്കും ഇൻവോയ്സിങ് നടത്തണം.
ചരക്കുനീക്കം നടത്തുന്നതിന് മുൻപുതന്നെ ഇൻവോയ്സ് തയാറാക്കണം. ഇതിനായി ജിഎസ്ടി കോമൺ പോർട്ടൽ വഴിയോ ഇൻവോയ്‌സ് റജിസ്‌ട്രേഷൻ പോർട്ടലായ https://einvoice1.gst.gov.in വഴിയോ ഇൻവോയ്‌സ് റജിസ്‌ട്രേഷനെടുക്കണം. ഇൻവോയ്സിങ് നടത്തിയില്ലെങ്കിൽ ചരക്കു സ്വീകരിക്കുന്നയാൾക്ക് ഇൻപുട് ടാക്‌സ് ക്രെഡിറ്റിന് അർഹത ലഭിക്കില്ല.
സെസ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്‌സ് ട്രാൻസ്‌പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്‌പോർട് സർവീസ്, മൾട്ടിപ്ലെക്‌സ് സിനിമ എന്നീ മേഖലകളെ ഇ- ഇൻവോയ്‌സിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.