തിരഞ്ഞെടുപ്പിലെ മത്സരങ്ങൾ പൊരുതാൻ കൂടിയുള്ളതെന്ന് നടന് ജോയ് മാത്യു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് പിന്തുണ നൽകി നടന് ജോയ് മാത്യു. ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മക്ക് തന്നെ നല്‍കുമെന്നും ജോയ് മാത്യു വ്യക്തമാക്കി. ഫേസ്ബുക് വഴിയാണ് താരം തന്റെ പിന്തുണ പ്രഖ്യാപിച്ചത്.

അധികാരക്കൊതിമൂത്ത് ചിലർ തല തന്നെ വെട്ടി കാഴ്ചവെക്കുമെന്നും എന്നാൽ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെയുള്ള പോരാട്ടമായും തിരഞ്ഞെടുപ്പിനെ എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണെന്നും മത്സരങ്ങള്‍ വിജയിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല. മറിച്ച് അവ പൊരുതുവാന്‍ കൂടിയുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.