സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം

സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അഞ്ചുദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്.പൊലീസ് സുരക്ഷയോടെയാണ് ജാമ്യം. മാതാവിന്റെ ആരോഗ്യം പരിഗണിച്ച് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യൂ.ജെ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. അടുത്ത ബന്ധുക്കളെ മാത്രം കാണാന്‍ അനുവദിച്ചുകൊണ്ടാണ് ജാമ്യം. മാധ്യമങ്ങളെ കാണുന്നതിന് കാപ്പന് വിലക്കുണ്ട്.

ഇടക്കാല ജാമ്യം രണ്ട് ദിവസമായി കുറക്കണമെന്ന എസ്.ജി വാദം സുപ്രീം കോടതി തള്ളുകയായിരുന്നു. പിഎഫ്‌ഐ പ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പനെന്നും കേസ് പരിഗണിക്കുന്നത് നാളേക്ക് മാറ്റണമെന്നും എസ് ജി കോടതിയില്‍ വാദിച്ചു. എന്നാല്‍ മാതാവ് മരണശയ്യയില്‍ കിടക്കുമ്പോള്‍ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.


ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ ആയിരുന്നു സിദ്ദീഖ് കാപ്പനെ ഒക്ടോബര്‍ അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി അഞ്ചുമാസത്തിന് ശേഷമാണ് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കുന്നത്.