കതിരൂർ: ദേശീയ ദുരന്തനിവാരണ അതോറിറ്റി ലോകബാങ്കിന്റെ സഹായത്തോടെ ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണ പദ്ധതിയുടെ ഭാഗമായി കതിരൂർ പഞ്ചായത്തിലെ പൊന്ന്യം യു.പി. സ്കൂളിന് സമീപം നിർമിച്ച ദുരിതാശ്വാസ അഭയകേന്ദ്രം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും.375 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഭൂമിയും മൊത്തം ചെലവിന്റെ 25 ശതമാനം തുകയും സംസ്ഥാന സർക്കാരാണ് നല്കേണ്ടത്. പ്രകൃതിക്ഷോഭങ്ങളിൽപ്പെടുന്നവർക്ക് താത്‌കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. മൂന്ന് നിലകളിലുള്ള കേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക താമസസൗകര്യങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്ക് പ്രത്യേകം ശുചിമുറി, കുട്ടികൾക്കുള്ള സൗകര്യം, പൊതു അടുക്കള, ഭക്ഷണമുറി, ജനറേറ്റർ റൂം എന്നിവയുമുണ്ട്.
കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഇതിന്റെ പ്രവർത്തനം. തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ കീഴിൽ ഷെൽട്ടർ മാനേജ്‌മെന്റ് കമ്മിറ്റിയുമുണ്ടായിരിക്കും. പ്രകൃതിക്ഷോഭമില്ലാത്ത സമയങ്ങളിൽ കേന്ദ്രങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഈ സമിതിക്ക് തീരുമാനിക്കാം.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് നടക്കുന്ന ചടങ്ങിൽ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. കളക്ടർ ടി.വി.സുഭാഷ് റിപ്പോർട്ട് അവതരിപ്പിക്കും