ഇരിട്ടി വൈദ്യുതി ഭവന്റെ തറക്കല്ലിടൽ ചടങ്ങ് വെള്ളിയാഴ്ച മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും

ഇരിട്ടി: ഇരിട്ടി വൈദ്യുതി ഭവന്റെ തറക്കല്ലിടൽ ചടങ്ങ് വെള്ളിയാഴ്ച  ഇരിട്ടി ഇ.കെ. നായനാർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഇരിട്ടി നഗരസഭയെ സമ്പൂർണ ഫിലമന്റ്‌ രഹിത നഗരസഭയായി പ്രഖ്യാപിക്കും. തലശ്ശേരി – കുടക് അന്തഃസംസ്ഥാന പാതയിൽ ജലസേചന വകുപ്പിൽനിന്ന് കൈമാറിക്കിട്ടിയ 43 സെന്റ് സ്ഥലത്താണ് മിനി വൈദ്യുതി ഭവൻ നിർമിക്കുന്നത്. രണ്ട് നിലകളിലായി 5298 ചതുരശ്രയടി കെട്ടിടമാണ് 1.6 കോടി രൂപ ചെലവിൽ പണിയുക. കണ്ണൂർ ജി ഓൺ എൻജിനീയറിങ് കമ്പനിക്കാണ് കരാർ. വിവിധ വാടകക്കെട്ടിടങ്ങളിൽ സ്ഥല പരിമിതിമൂലം വീർപ്പുമുട്ടുന്ന നിലയിലാണ് കെ.എസ്.ഇ.ബി.യുടെ ഓഫീസുകൾ. വൈദ്യുതി ഭവൻ വരുന്നതോടെ ഇരിട്ടി സെക്‌ഷൻ, സബ് ഡിവിഷൻ, ഡിവിഷൻ ഓഫീസുകൾ വൈദ്യുതി ഭവൻ കെട്ടിടത്തിലാവുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് എക്സി. എൻജിനീയർ കെ.വി.ജനാർദനൻ അറിയിച്ചു.