ഉത്തരാഖണ്ഡിലെ മഞ്ഞുമല പ്രളയം; 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മഞ്ഞുമല പ്രളയത്തിൽ മരിച്ച 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ള 170 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അളകനന്ദ, ദൗലിഗംഗ നദികള്‍ കരകവിഞ്ഞൊഴുകിയതാണ്​ ദുരന്തത്തിന്‍റെ തീവ്രത കൂട്ടിയത് .  പ്രളയത്തില്‍ അഞ്ച് പാലങ്ങളും നിരവധി വീടുകളും എന്‍‌.ടി.‌പി.‌സിയുടെ വൈദ്യുത നിലയവും തകര്‍ന്നിട്ടുണ്ട്​.  കാണാതായവരില്‍ 148 പേര്‍ ജലവൈദ്യുത പ്ലാന്‍റില്‍ ജോലി ചെയ്യുന്നവരാണ്​.

അതേസമയം, നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 12 പേരെ ഐ.ടി.ബി.പി സംഘം ശ്രമകരമായി രക്ഷപ്പെടുത്തി. എന്നാല്‍ രണ്ടാമത്തെ തുരങ്കത്തില്‍ മുപ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്​. 2.5 കിലോമീറ്റര്‍ നീളം വരുന്ന ഈ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി കഠിന ശ്രമം തുടരുകയാണ്​ സൈന്യം .നദികള്‍ കരകവിഞ്ഞ്​ ഒഴുകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പലയിടത്തും തടസപ്പെടുന്ന അവസ്ഥയാണുള്ളത് .പ്രദേശത്ത്​ കര-വ്യോമ-നാവിക സേനകള്‍ അക്ഷീണ പ്രയത്നം തുടരുന്നുണ്ട് .

ഈ സാഹചര്യത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല്​ ലക്ഷം രൂപ വീതം ഉത്തരാഖണ്ഡ്​ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ട്​ ലക്ഷം രൂപയും നല്‍കും. ഗുരുതരമായ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.അതെ സമയം രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം നല്‍കാന്‍ തയാറാണെന്ന് ഐക്യരാഷ്ട്ര സഭ പിന്തുണ അറിയിച്ചിട്ടുണ്ട്​.