ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്​സിൽ റണ്‍മല കയറാ​നൊരുങ്ങിയ ഇന്ത്യ പിന്നോട്ട്

ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്​സിലെ റണ്‍മല കയറാ​നൊരുങ്ങിയ ഇന്ത്യ പിന്നോട്ട്. 55 റണ്‍സിന്​ നാലുവിക്കറ്റെടുത്ത ഡൊമിനിക്​ ബെസ്സും രണ്ട്​ വിക്കറ്റ്​ വീഴ്​ത്തിയ​ ജോഫ്ര ആര്‍ച്ചറുമാണ്​ ഇന്ത്യക്ക്​ കുരുക്കിട്ടത്​. 578 റണ്‍സ്​ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ 257 റണ്‍സിന്​ ആറുവിക്കറ്റെന്ന നിലയിലാണ്​. 68 പന്തില്‍ നിന്നും 33 റണ്‍സെടുത്ത വാഷിങ്​ടണ്‍ സുന്ദറും 54 പന്തില്‍ 8 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിനുമാണ്​ ക്രീസിലുള്ളത്​.

സ്​കോര്‍ബോര്‍ഡില്‍ 19 റണ്‍സായപ്പോഴേക്കും രോഹിത്​ ശര്‍മയെ നഷ്​ടപ്പെട്ടുതുടങ്ങിയ ഇന്ത്യന്‍ ഇന്നിങ്​സിനെ 91 റ​ണ്‍സെടുത്ത റിഷഭ്​ പന്തും 73 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ്​ താങ്ങി നിര്‍ത്തിയത്​. നന്നായിത്തുടങ്ങിയ ​ശുഭ്​മാന്‍ ഗില്‍ 29ഉം നായകന്‍ വിരാട്​ കോഹ്​ലി 11ഉം ​ഉപനായകന്‍ അജിന്‍ക്യ രഹാനെ ഒന്നും റണ്‍സെടുത്ത്​ മടങ്ങി.