നിരവധി കവര്‍ച്ച കേസുകളിലെ പ്രതിയായ യുവാവ് പയ്യന്നൂര്‍ പോലിസിന്റെ പിടിയില്‍. മട്ടന്നൂര്‍ മണ്ണൂരിലെ കെ.വിജേഷാണ് (27) പോലിസിന്റെ പിടയിലായത്. രാത്രികാല പട്രോളിങ്ങിനിടെ പെരുമ്പയിലെ സ്റ്റീക്ക് ഹൗസ് ഹോട്ടലിന് സമീപത്ത് സംശയകരമായി കാണപ്പെട്ട ഇയാള്‍ പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.ബാബുമോന് പിടികൂടുകയായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ഇയാള്‍ കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന് സന്തോഷിന്റെ പ്രധാന കൂട്ടാളിയാണെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞാഴ്ച തളിപ്പറമ്പ് തൃച്ഛംബരത്തെ പെട്രോള്‍ പമ്പിലും സമീപത്തെ തലോറ സ്വദേശി പി.പി ഷീജിത്തിന്റെ ചിപ്പ്സ് കടയിലും തട്ടുകടയിലും കവര്‍ച്ച നടത്തിയ ഇയാളുടെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ നിന്നും പോലിസിന് ലഭിച്ചിരുന്നു. പയ്യന്നൂര്‍ കണ്ടോത്ത് കോത്തായിമുക്കിലെ അധ്യാപക ദമ്പതികളായ എലിയാമ്മ ഡൊമനിക്കിന്റെ വീട് കുത്തിത്തുറന്ന് നാല് പട്ടുസാരികള്‍ കഴിഞ്ഞ ദിവസം മോഷ്ടിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഈ മാസം 15ന് കാസര്‍കോട് പൊയിനാച്ചിയിലെ കോളിയടുക്കം സ്വദേശി നിസാറിന്റെ പൊയിനാച്ചി ട്രേഡേര്‍സ് മലഞ്ചരക്ക് സ്ഥാപനത്തില്‍ നിന്നും 14 ചാക്ക് കുരുമുളക് മോഷണത്തിലും മാത്തില്‍ വൈപ്പിരിയത്തെ മൂന്ന് സ്ഥാപനങ്ങളിലും പിലാത്തറ, സൂപ്പര്‍ മാര്ക്കറ്റലിലും സ്റ്റാര്‍ എന്റര്‍പ്രൈസസിലും, തൊട്ടടുത്ത ദിവസം പരിയാരത്തെ ഇറച്ചി കടയിലും ക്ഷേത്ര ഭണ്ഡാര മോഷണത്തിനു ശേഷം ചുമര് തുരന്ന് പെരുമ്പയിലെ ഫൈസല്‍ മൊത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നും 75,000 രൂപയുടെ സിഗരറ്റും കവര്‍ന്ന സംഘത്തിലെ കൂട്ടാളിയുമായ പുളിങ്ങോം തയ്യേനി സ്വദേശിയായ യുവാവും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ചൗക്കി, നായന്മാര്മൂല എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചാശ്രമം നടത്തിയതായും ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ വിജേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.