തർക്കം വേണ്ട! ഏറ്റവും മികച്ച ക്രിക്കറ്റ് കമന്റേറ്റർമാരിലൊരാളാകും അശ്വിൻ

സജീവ ക്രിക്കറ്റിലുള്ള ഇന്ത്യൻ സ്പിന്നർ ആർ.അശ്വിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ഈ കമന്റിനു പിന്നിൽ അദ്ദേഹത്തിന്റെ ഗ്രൗണ്ടിനു പുറത്തെ പെർഫോമൻസാണ്. അശ്വിന് ഇപ്പോൾ എല്ലാംകൊണ്ടും നല്ല സമയമാണ്. പന്തുകൊണ്ടും ബാറ്റു കൊണ്ടും മികച്ച തിരിച്ചുവരവു നടത്തിയ താരം അതിലുപരി ശ്രദ്ധ നേടുന്നത് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലെ അഭിമുഖങ്ങൾ വഴിയാണ്.ലോക്ഡൗൺ കാലത്ത് തുടങ്ങിയ ചാനലിലൂടെ കളിക്കാരനപ്പുറത്തുള്ള അശ്വിനെ അറിയാനുള്ള അവസരമാണ് ആരാധകർക്കൊരുങ്ങിയത്. ക്രിക്കറ്റർ എന്നതിനെക്കാളും കളിയിൽ എത്രമാത്രം ‘കാര്യം’ കാണുന്നയാളാണ് അശ്വിനെന്ന ഉൾക്കാഴ്ച നൽകുന്നതായിരുന്നു ഓരോ അഭിമുഖങ്ങളും. അദ്ദേഹത്തിന്റെ ചിന്തകളും കളിയെക്കുറിച്ചുള്ള ഗ്രാഹ്യവുമെല്ലാം ചോദ്യങ്ങളിൽനിന്നു വ്യക്തം. ആരാധകർക്ക് അപ്രാപ്യമായ താരങ്ങളെ തന്റെ ചാനലിൽ കൊണ്ടുവരാനും ഓരോ പ്രത്യേക ക്രിക്കറ്റിങ് നിമിഷങ്ങളിലെ കഥകൾ പുറത്തുകൊണ്ടുവരാനും തുടങ്ങിയതോടെ ക്രിക്കറ്റ് ശ്രദ്ധിക്കുന്നവരെല്ലാം ചാനൽ നോട്ടിഫിക്കേഷൻ കാത്തിരിക്കാൻ തുടങ്ങി.

ഇംഗ്ലിഷും ഹിന്ദിയും തമിഴുമെല്ലാം നന്നായി കൈകാര്യം ചെയ്യുന്ന അശ്വിൻ ചാനൽ അവതാരകരുടെ മിടുക്കോടെ തന്നെയാണ് ചെറിയ സൗകര്യങ്ങൾ ഉപയോഗിച്ച് അഭിമുഖം നടത്തുന്നത്. ഇന്ത്യൻ ടീമിലെ സഹതാരങ്ങളും ഐപിഎലിലെ കളിക്കാരും പരിശീലകരുമെല്ലാം അശ്വിന്റെ അതിഥികളായി യൂ ട്യൂബ് വിഡിയോകളിൽ ഇടംപിടിച്ചു. മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖുമായി നടത്തിയ അഭിമുഖവും ഏറെ ഹൃദ്യമായിരുന്നു.

ഓസ്ട്രേലിയൻ പര്യടനത്തിനുശേഷം അശ്വിൻ ചാനലിലൂടെ പുറത്തുവിട്ട കുട്ടി സ്റ്റോറി സീരീസ് ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ഒരുക്കങ്ങളും നാടകീയതയും കാഴ്ചക്കാരിലും എത്തിക്കുന്നതായിരുന്നു.വിഡിയോയിലെ ഓരോ പ്രധാന സംഭവങ്ങളും പിന്നീട് വാർത്തകളിൽ ഇടംപിടിച്ചു. അശ്വിന്റെ ‘ഓൺലൈൻ’ പര്യടനത്തിൽ കട്ടയ്ക്ക് കൂട്ടായി ഭാര്യ പ്രീതിയും ഉണ്ട്. സിഡ്നി ടെസ്റ്റിനിടെ പ്രീതി നടത്തിയ ട്വീറ്റുകൾ വൈറലായിരുന്നു. പരുക്കേറ്റ അശ്വിനും ഹനുമ വിഹാരിയും ടെസ്റ്റ് രക്ഷിച്ചെടുത്തപ്പോഴത്തെ തന്റെ അനുഭവം ഒരു മാധ്യമത്തിനായി റിപ്പോർട്ടർ റോളിൽ എഴുതിയും പ്രീതി കയ്യടി നേടി.