കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം ; പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ തീരുമാനിച്ചു

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗം തീരുമാനിച്ചു. ലൈസൻസടക്കമുള്ള രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രമേ റിസോർട്ടുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകൂ. ജില്ലയിലെ മറ്റ് റിസോർട്ടുകളിലും ജില്ലാ ഭരണകൂടത്തിന്റെ പരിശോധന നടക്കുന്നുണ്ട്. മേപ്പാടി, 900 കണ്ടി മേഖലകളിലെ പല റിസോർട്ടുകളും അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ചിടാൻ പഞ്ചായത്ത് തീരുമാനമെടുത്തത്. വരും ദിവസങ്ങളിൽ ഓരോ റിസോർട്ടിന്റെയും അനുമതിയും സുരക്ഷാസാഹചര്യവും പരിശോധിച്ച ശേഷമേ തുറക്കാൻ അനുവദിക്കൂ.