കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട തിയറ്ററുകള്‍ 10 മാസത്തെ ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും തുറന്നു. വിജയ് ചിത്രം മാസ്റ്റര്‍ റിലീസോടെയാണ് തിയറ്ററുകള്‍ തുറന്നത്.കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയാണ് തിയറ്ററുകള്‍ പ്രദര്‍ശനത്തിന് സജ്ജമായത്. 309 ദിവസങ്ങള്‍ക്ക് ശേഷം കേരളത്തിലെ തിയറ്ററുകള്‍ തുറക്കുമ്പോള്‍ സിനിമാ ആസ്വാദകരുടെ കാത്തിരിപ്പിന് ആവേശകരമായ അവസാനമാണ്. 50 ശതമാനം പ്രവേശനം ഉറപ്പാക്കാന്‍ ഒന്നിടവിട്ട സീറ്റുകളായാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ഷോയ്ക്ക് ശേഷവും മുഴുവന്‍ വാതിലുകളും തുറന്നിട്ട് തിയറ്റര്‍ അണുനശീകരണം നടത്തും.
വിജയ്യും വിജയ് സേതുപതിയും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാസ്റ്റര്‍ കേരളത്തില്‍ 150 കേന്ദ്രങ്ങളിലായി അഞ്ഞൂറോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.പല റിലീസ് കേന്ദ്രങ്ങളിലെയും ടിക്കറ്റുകളെല്ലാം നേരത്തെതന്നെ വിറ്റു പോയിട്ടുണ്ട്. ലോകേഷ് കനകരാജിന്റെ ഈ ചിത്രത്തില്‍ മലയാളിയായ മാളവിക മോഹനാണ് നായിക. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ ഇന്ന് തന്നെ സിനിമയുടെ പ്രദര്‍ശനം തുടങ്ങി.
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന് ദിവസേന മൂന്ന് ഷോകളാണുള്ളത്. വിജയ് ആരാധകര്‍ മാത്രമല്ല സിനിമാ മേഖലയും ഇന്ത്യന്‍ സിനിമാ വാണിജ്യ മേഖലയും ഒന്നടങ്കം പ്രതീക്ഷയോടെയാണ് മാസ്റ്റര്‍ റിലീസിനെ കാണുന്നത്. പതിവ് വിജയ് ചിത്രങ്ങളെ പോലെ രക്ഷകനായി പൊങ്കല്‍ ദിനത്തില്‍ തന്നെ മാസ്റ്ററെത്തുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. നാളെ ഹിന്ദി ഭാഷയിലുള്ള മാസ്റ്ററിന്റെ റിലീസും ഉണ്ടാവും. റിലീസ് ദിനത്തിന് ശേഷം എത്രമാത്രം ജനങ്ങള്‍ തിയറ്ററിലെത്തുമെന്നുള്ള കാര്യം അറിഞ്ഞ ശേഷമായിരിക്കും മറ്റ് ചിത്രങ്ങളുടെ റിലീസ് കൂടി നിശ്ചയിക്കുക.