കൊവിഷീൽഡ് വാക്സിൻ സർക്കാർ സൗജന്യമായി നൽകും; അദാർ പൂനവാലെ

കൊവിഷീൽഡ് വാക്സിൻ സർക്കാർ സൗജന്യമായി നൽകുമെന്നും ആവശ്യമുള്ളവർക്ക് പ്രൈവറ്റ് മാർക്കറ്റിൽ നിന്ന് 1000 രൂപ മുടക്കി വാങ്ങാമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദാർ പൂനവാലെ. എന്നാൽ ആദ്യത്തെ കുറച്ച് ആളുകൾക്ക് 200 രൂപയ്ക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ആദ്യത്തെ കുറച്ച് ആളുകൾക്ക് 200 രൂപയ്ക്ക് ഞങ്ങൾ വാക്സിൻ നൽകും. അതിനു ശേഷം വിലയിൽ മാറ്റമുണ്ടാവും. പക്ഷേ, സർക്കാരിന് ഞങ്ങൾ നൽകുന്ന വാക്സിൻ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭിക്കും. അതേസമയം പ്രൈവറ്റ് മാർക്കറ്റിലും വാക്സിൻ വില്പന നടത്തും. ഒരു ഷോട്ടിന് 1000 രൂപയാണ് വില വരിക. വാക്സിന് ഒരു ബൂസ്റ്റർ ഡോസ് കൂടി ആവശ്യമുണ്ട്. അപ്പോൾ ആകെ 2000 രൂപ വരും.”- പൂനവാലെ വ്യക്തമാക്കി.

അതേസമയം അഞ്ച് കോടി ഡോസ് വാക്‌സിനുകൾക്ക് അധികൃതരുടെ അനുമതി ലഭിച്ചിട്ടുണ്ട്.നിലവിൽ വാക്സിൻ കയറ്റുമതിക്ക് സർക്കാർ അനുമതിയില്ലാത്തതിനാൽ കയറ്റുമതി സംബന്ധിച്ച് വിവിധ രാജ്യങ്ങളുമായി ചർച്ചകൾ നടക്കുകയാണ്. അനുമതി ലഭിച്ചാൽ 68 രാജ്യങ്ങളിലേയ്ക്ക് വാക്‌സിൻ കയറ്റുമതി ചെയ്യാൻ സാധിക്കുമെന്നും മിനിട്ടിൽ 5000 ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിനു ശേഷിയുണ്ടെന്നും അദാർ പൂനവാല പറഞ്ഞു.