എന്‍സിപിയെ യുഡിഎഫ് പ്രതീക്ഷിക്കണ്ട, മാണി സി കാപ്പൻ്റെ മറുപടി ഇങ്ങനെ, പാലാ കൊടുക്കില്ലെന്ന് എന്‍സിപി!

എന്‍സിപി ഇടതുമുന്നണി വിടില്ലെന്ന് ഉറപ്പിച്ച് മാണി സി കാപ്പന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാപ്പന്‍ പാലായില്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം. ഇത് കാപ്പന്‍ തള്ളി. നിലവില്‍ മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. അവിടെ തന്നെ തുടരുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.
എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ മാണി സി കാപ്പന്‍ പാലായില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തുമെന്നും, എല്‍ഡിഎഫ് വിടുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.പാലാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എന്‍സിപിയെ നയിക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സിറ്റിംഗ് സീറ്റുകളില്‍ പലതും എല്‍ഡിഎഫിനൊപ്പം നിന്നില്ലെങ്കില്‍ വിജയിക്കില്ലെന്നാണ് എന്‍സിപി നേതാക്കള്‍ കരുതുന്നത്. അതേസമയം പാലാ സീറ്റിനെ ചൊല്ലി തര്‍ക്കമില്ലെന്നും എന്‍സിപി ഇടതുമുന്നണി വിടാന്‍ ആലോചിച്ചിട്ട് പോലുമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. മാണി സി കാപ്പന്‍ മുന്നണി വിടില്ലെന്നും പിതാംബരന്‍ വ്യക്തമാക്കി. അതേസമയം മുന്നണി മാറ്റം ആലോച്ചിട്ടേയില്ലെന്നും എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും എന്‍സിപി ചെയ്യില്ലെന്നും മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു. എന്‍സിപിയുടെ ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഇന്ന് മുതല്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്. ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി രാജ്യസഭാ അംഗത്വം രാജിവെക്കുകയും ചെയ്യും. ഇതോടെ എന്‍സിപിക്ക് പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പാണ്. എന്നാല്‍ പാലായും കുട്ടനാടും അടക്കം നാല് സീറ്റുകളില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് പീതാംബരന്‍ പറയുന്നു.