വെള്ളിയാഴ്ചമുതൽ നാല് ചക്രമടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധം. കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെതാണ് തീരുമാനം. 2017 ഡിസംബർ ഒന്നിന് മുമ്പിറങ്ങിയ വാഹനങ്ങൾ ഫാസ്ടാഗ് പതിക്കണം. അതിനുശേഷമുള്ള വാഹനങ്ങൾക്ക് ഫാസ്ടാഗ് നൽകിയിട്ടുണ്ട്.
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിർബന്ധമാണ്. 2021 ഏപ്രിൽ ഒന്നുമുതൽ തേർഡ് പാർടി ഇൻഷുറൻസിനും ഫാസ്ടാഗ് വേണം. ഇതോടെ വാഹനം ടോൾപ്ലാസ കടന്നു പോകുന്നില്ലെങ്കിലും ഫാസ്ടാഗ് എടുക്കൽ നിർബന്ധിതമായി.
ഹൈവേ ടോൾ പ്ലാസകളിൽ ഡിജിറ്റലായി പണം നൽകാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. വിവിധ ബാങ്കുകളും പേയ്മെന്റ് സ്ഥാപനങ്ങളും വഴി ഫാസ്ടാഗ് വാങ്ങാം. ഓൺലൈനായി റീ ചാർജും ചെയ്യാം. വൻകിട സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കു വേണ്ടിയാണ് ഫാസ്ടാഗ് അടിച്ചേൽപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്