സഭാതര്‍ക്കം: മതമേലധ്യക്ഷരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കാളാഴ്ച ഇതര ക്രിസ്ത്യന്‍ സഭകളുടെ മേലധ്യക്ഷമാരുമായും സഭാപ്രതിനിധികളുമായും ചര്‍ച്ച നടത്തി.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ്, ലത്തീന്‍ സഭയുടെ ബിഷപ്പ് ജോസഫ് കരിയില്‍, ഡോ. തിയോഡോസിയസ് മാര്‍തോമ മെത്രാപ്പൊലീത്ത, ബിഷപ്പ് റൈറ്റ് റവ. ഡോ. ഉമ്മന്‍ ജോര്‍ജ് (സി.എസ്.ഐ), സിറില്‍ മാര്‍ ബയേലിയോസ് മെത്രാപ്പൊലീത്ത, കാല്‍ഡിയല്‍ ചര്‍ച്ച് ബിഷപ്പ് ഓജീന്‍ മാര്‍ കുര്യാക്കോസ്, ക്നാനായസഭ മെത്രാപ്പൊലീത്ത മാര്‍ സെവറിയോസ് കുര്യാക്കോസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തര്‍ക്കം പരിഹരിക്കുന്നതിനും സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും മുഖ്യമന്ത്രി നിരന്തരം നടത്തുന്ന ശ്രമങ്ങളെ സഭാമേലധ്യക്ഷډാര്‍ അഭിനന്ദിച്ചു. ഇരുവിഭാഗങ്ങളുമായുള്ള ആശയ വിനിമയം മുഖ്യമന്ത്രി തുടരണമെന്ന് അവര്‍ അഭര്‍ത്ഥിച്ചു.

സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ തര്‍ക്കം പരിഹരിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ സഭാ മേധവികള്‍ മുന്നോട്ടുവെച്ചു. ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ ഒന്നിച്ചുപോകാനുള്ള സാധ്യത ഇന്നത്തെ സാഹചര്യത്തില്‍ വിദൂരമായതുകൊണ്ട് ആരാധനാലയങ്ങളില്‍ ഭൂരിപക്ഷ അഭിപ്രായം മാനിച്ചുള്ള സംവിധാനം ഉണ്ടാക്കണം. പൊതുയോഗത്തിലൂടെ നിര്‍ണയിക്കപ്പെടുന്ന ഭൂരിപക്ഷത്തിന് പള്ളിയും സ്വത്തുക്കളും വിട്ടുകൊടുക്കണം. എന്നാല്‍ ഇടവകയിലെ ന്യൂനപക്ഷത്തിന് ആരാധന നടത്താനുള്ള സാഹചര്യം ഭൂരിപക്ഷത്തിന്‍റെ സഹകരണത്തോടെ ഉണ്ടാക്കണം. ആരാധനാലയങ്ങളില്‍ സമയക്രമം നിശ്ചയിച്ച് പ്രാര്‍ത്ഥന അനുവദിക്കുകയോ സമീപത്തുതന്നെ മറ്റൊരു ദേവാലയം ന്യൂനപക്ഷത്തിനു വേണ്ടി പണിയുകയോ ചെയ്യാം. അതിനുള്ള പിന്തുണ ഭൂരിപക്ഷവിഭാഗം നല്‍കണം. ഒരു ദേവാലയം ഭൂരിപക്ഷ അഭിപ്രായപ്രകാരം ഏതെങ്കിലുമൊരു വിഭാഗത്തിന് വിട്ടുകൊടുത്താല്‍ തന്നെ, വിശേഷ ദിവസങ്ങളില്‍ ഇതര വിഭാഗത്തിനും അവിടെ പ്രാര്‍ത്ഥന നടത്താന്‍ കഴിയണം. സെമിത്തേരി വലിയ വികാരമായിട്ടാണ് വിശ്വാസികള്‍ കാണുന്നത്. ഇരുവിഭാഗത്തിനും സെമിത്തേരി ഉപയോഗിക്കാനും പ്രാര്‍ത്ഥന നടത്താനും സൗകര്യമുണ്ടാകണം. ചരിത്രപ്രാധാന്യമുള്ളതും ഒരു വിഭാഗത്തിന് വൈകാരിക ബന്ധമുള്ളതുമായ ചില ദേവാലയങ്ങളുണ്ട്. അവിടെ മറ്റൊരു വിഭാഗം ആധിപത്യം സ്ഥാപിക്കുന്നത് സംഘര്‍ഷമുണ്ടാകും. അതിനാല്‍ വിട്ടുവീഴ്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണം – ഇത്തരം നിര്‍ദേശങ്ങളാണ് പൊതുവെ ചര്‍ച്ചയില്‍ ഉയര്‍ന്നത്.

സെമിത്തേരിയില്‍ എല്ലാവര്‍ക്കും അവകാശം നല്‍കുന്നതിന് ഗവണ്‍മെന്‍റ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ സഭാനേതാക്കള്‍ അഭിനന്ദിച്ചു. ശവമടക്കിനുള്ള പ്രശ്നങ്ങള്‍ ഈ നിയമ നടപടിയിലൂടെ പരിഹരിക്കപ്പെട്ടതായി അവര്‍ ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളിലും പരിസരങ്ങളിലും ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ബിഷപ്പുമാര്‍ പിന്തുണ അറിയിച്ചു. സഭാനേതാക്കള്‍ മുന്നോട്ടുവെച്ച വിലപ്പെട്ട നിര്‍ദേശങ്ങള്‍ ഗൗരവമായി കണക്കിലെടുക്കുമെന്നും നിയമവശം പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ തന്നെ സര്‍ക്കാര്‍ നിലപാട് എടുക്കും. എന്നാല്‍, സമാധാനഭംഗമുണ്ടാകാന്‍ അനുവദിക്കില്ല. ഇരുവിഭാഗങ്ങളും രഞ്ജിപ്പിലെത്തുക എന്നത് പ്രധാനമാണ്. അതിനാണ് സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. അവരുമായുള്ള ആശയവിനിമയം സര്‍ക്കാര്‍ തുടരും. അതോടൊപ്പം, ഇതരസഭകളുടെ അധ്യക്ഷന്‍മാര്‍ പ്രശ്നപരിഹാരത്തിന് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് ചർച്ചയിൽ ഉയർന്ന നിർദേശം നല്ലതും സ്വീകാര്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.