പയ്യാമ്പലത്ത് വാഹനം ഇടിച്ചുകയറിയ സംഭവം: അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

പയ്യാമ്പലം ബീച്ച് റോഡില്‍ ആളുകള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പുതിയങ്ങാടിയിലെ കുട്ടിചടയന്‍ ഹൗസിലെ കെ.സി അര്‍ഫാന്‍ (19) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അര്‍ഫാന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പയ്യന്നൂര്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്.കെ.എസ്.എസ്.എഫ് പുതിയങ്ങാടി ശാഖ സഹചാരി ജനറല്‍ സെക്രട്ടറിയുമാണ്. 14ന് രാത്രിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം കാറിലും ബൈക്കിലും ഇടിച്ച ശേഷമാണ് നിന്നത്. വാഹനം ഇടിച്ചുകയറി ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. അശ്രദ്ധയോടെ കാര്‍ ഓടിച്ചതിന് കക്കാട് സ്വദേശി മിഥുനെ (25) പോലിസ് അറസ്റ്റ് ചെയ്തിരുന്നു.