ബോർഡ് പരീക്ഷകളുടെ സമയക്രമം തീരുമാനിച്ചു

എസ്എസ്എൽസി, പ്ലസ് ടു ബോർഡ് പരീക്ഷകളുടെ സമയക്രമം തീരുമാനിച്ചു. മാർച്ച് 17 മുതൽ ആരംഭിക്കുന്ന പരീക്ഷ പ്ലസ് ടു വിദ്യാർത്ഥികൾക്ക് രാവിലെയായിരിക്കും. ഉച്ചയ്ക്ക് ശേഷം എസ്എസ്എൽസി പരീക്ഷയും നടത്തും. പരീക്ഷ വിദ്യാർത്ഥി സൗഹൃദമാക്കാനും നിര‍ദേശമുണ്ട്. എസ് എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും.നിലവില സാഹചര്യം പരിഗണിച്ച് കൂടുതൽ ചോദ്യങ്ങൾ നൽകി അവയിൽ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നൽകുന്ന കാര്യവും പരിശോധിക്കും. വിദ്യാർഥികളിലെ പരീക്ഷാപ്പേടി കുറയ്ക്കുന്നതിന് വേണ്ടിയാണിത്. വെള്ളിയാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോ​ഗത്തിന്റേതാണ് നിർദേശം. ക്ലാസ് പരീക്ഷകൾക്കും പ്രാധാന്യം നൽകും. സാധ്യമെങ്കിൽ മാതൃകാപരീക്ഷ നടത്തിയശേഷമാകും വാർഷിക പരീക്ഷ നടത്തുക.
കുട്ടികൾ സ്കൂളിൽ എത്തുന്നതിനുമുമ്പ് ഓൺലൈനായി രക്ഷിതാക്കളുടെ അഭിപ്രായം തേടും. രക്ഷിതാക്കളുടെ അനുമതിയോടെയും അവരുടെ ആശങ്ക പരിഹരിച്ചും മാത്രമേ കുട്ടികളെ സ്കൂളിലെത്താൻ അനുവദിക്കൂ. സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവർത്തിച്ചിരുന്ന സ്കൂളുകൾ ഈ മാസം അവസാനത്തോടെ ശുചീകരിച്ച് സജ്ജമാക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരിൽ എത്രപേർ ഓരോ ദിവസവും എത്തണമെന്ന കാര്യം സ്കൂളുകൾക്ക് ക്രമീകരിക്കാം