

വാൻകൂവർ: ഫിഫ ലോകകപ്പിലെ ജി ഗ്രൂപ്പ് പോരാട്ടത്തിൽ ന്യൂസീലൻഡിനെ തകർത്തെറിഞ്ഞ് ചരിത്ര വിജയം സ്വന്തമാക്കി ഈജിപ്ത്. ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങി പിന്നിലായ ഈജിപ്ത് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. ഗോളടിച്ചും അടിപ്പിച്ചും കളംനിറഞ്ഞ സൂപ്പർ താരം മുഹമ്മദ് സലായാണ് ഈജിപ്തിന്റെ ഹീറോ. മുസ്തഫ സിക്കോ (58), മുഹമ്മദ് സലാ (67), ട്രെസെഗ്വെറ്റ് (82) എന്നിവരാണ് ഈജിപ്തിന്റെ ഗോൾ സ്കോറർമാർ. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഈജിപ്ത് ഒരു വിജയം സ്വന്തമാക്കുന്നത്.

ആദ്യ മത്സരത്തിൽ ബൽജിയത്തോട് സമനില വഴങ്ങിയ ടീം നാലു പോയിന്റുമായി ജി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ ഇറാനെ വീഴ്ത്തിയാൽ ഏഴു പോയിന്റുമായി ഈജിപ്ത് നോക്കൗട്ടിൽ കടക്കും. സമനില നേടിയാലും ഈജിപ്തിന്റെ നോക്കൗട്ട് പ്രവേശം ഉറപ്പാണ്.

മത്സരത്തിന്റെ 15–ാം മിനിറ്റിൽ ന്യൂസീലൻഡാണ് ആദ്യ ലീഡ് സ്വന്തമാക്കുന്നത്. ടിം പെയ്നിന്റെ കോർണർ കിക്കിൽനിന്ന് ഫിൻ സുർമാനാണു ലക്ഷ്യം കണ്ടത്. ഈജിപ്ത് ശക്തമായി തിരിച്ചടിച്ചതോടെ ആദ്യ പകുതിയിലെ ലീഡ് രണ്ടാം പകുതിയിൽ ന്യൂസീലൻഡ് കൈവിട്ടു. തുടര്‍ച്ചയായ ഗോൾ ശ്രമങ്ങൾക്കൊടുവിൽ 58–ാം മിനിറ്റിലാണ് ഈജിപ്ത് സമനില പിടിക്കുന്നത്. മുഹമ്മദ് ഹനിയുടെ അസിസ്റ്റിൽ ലക്ഷ്യം കണ്ടത് മുസ്തഫ സിക്കോ. സ്കോർ 1–1. മുഹമ്മദ് ഹനിയുടെ പാസിൽ തല വച്ചാണ് സിക്കോ ഈജിപ്തിന്റെ സമനില ഗോൾ കണ്ടെത്തിയത്. ന്യൂസീലൻഡ് ഗോള്‍ കീപ്പർ മാക്സ് ക്രോകോംബെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പത്ത് മിനിറ്റുകൾക്കുള്ളിൽ ഈജിപ്ത് ലീഡെടുത്തത് ന്യൂസീലൻഡിനെ ഞെട്ടിച്ചു. 67–ാം മിനിറ്റിൽ ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലായാണു ഗോൾ നേടിയത്. ആദ്യ ഗോളടിച്ച മുസ്തഫ സിക്കോയുമായി ചേർന്ന പാസുകൾക്കൊടുവിൽ സലാ ന്യൂസീലൻഡ് ഗോള്‍കീപ്പറെ മറികടന്ന് ലക്ഷ്യത്തിലെത്തുകയായിരുന്നു. 76-ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ട്രെസെക്വെറ്റിന്റെ വകയായിരുന്നു ഈജിപ്തിന്റെ മൂന്നാം ഗോൾ. മുഹമ്മദ് സലായുടെ കോർണറിൽനിന്നാണ് ട്രെസെക്വെറ്റിന്റെ ഗോള്‍ പിറന്നത്. അപ്രതീക്ഷിതമായി മൂന്നു ഗോൾ വഴങ്ങിയ ന്യൂസീലൻഡിന് ലോകകപ്പ് പോരാട്ടത്തിൽ പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല. രണ്ടാം പകുതിയിലെ അധിക സമയമായ ഏഴു മിനിറ്റ് അവസാനിച്ചതോടെ സ്കോർ 3–1. ഈജിപ്തിന് ചരിത്ര വിജയം.




