
മയാമി: ഫിഫ ലോകകപ്പിൽ കാബോ വെർദെയുടെ ചരിത്ര ഗോളിനു പകരം ആദ്യ പകുതിയിൽ യുറഗ്വായ് തിരിച്ചടിച്ചത് രണ്ടെണ്ണം. എന്നാൽ രണ്ടാം പകുതിയിൽ രണ്ടാം ഗോൾ നേടി കാബോ വെർദെ ഒപ്പമെത്തി. അടിയും തിരിച്ചടിയും കണ്ട ആവേശകരമായ മത്സരം അവസാനിച്ചപ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ഫിഫ ലോകകപ്പിൽ കരുത്തരായ യുറഗ്വായ്യെ സമനിലയിൽ തളച്ച് കാബോ വെർദെ വീണ്ടും ഞെട്ടിച്ചു. 21, 61 മിനിറ്റുകളിലാണ് കാബോ വെർദെയുടെ ഗോളുകൾ പിറന്നത്. 44, 45+6 മിനിറ്റുകളിലാണ് യുറഗ്വായുടെ ഗോളുകൾ.

21–ാം മിനിറ്റിലാണ് കാബോ വെർദെയുടെ ചരിത്ര ഗോൾ പിറന്നത്. ഫ്രീകിക്ക് എടുത്ത കെവിൻ പിനയുടെ കർവിങ് ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിലൂടെ പോസ്റ്റിനകത്തേക്ക്. ലോകകപ്പിൽ കാബോ വെർദെയുടെ ആദ്യ ഗോളാണിത്. 43-ാം മിനിറ്റിൽ യുറഗ്വായ് ഗോൾ മടക്കി. ഇടതു വിങ്ങിൽ നിന്ന് ഉയർത്തി നൽകിയ പന്ത് യുറഗ്വായ് താരം സെബാസ്റ്റ്യൻ കാസെറെസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്തെങ്കിലും ഗോൾ കീപ്പർ വൊസീഞ്ഞയുടെ ദേഹത്ത് തട്ടി റീബൗണ്ട് ചെയ്തു.

ഈ അവസരം മുതലാക്കിയ മാക്സി അരൗജോ ലോവർ ഹെഡ് കൊണ്ട് പന്ത് വലയിലെത്തിക്കുകയായിരുന്നു. തുടർന്ന്, ആദ്യ പകുതിയുടെ അധിക സമയത്താണ് യുറഗ്വായ്യുടെ അടുത്ത ഗോൾ എത്തുന്നത്. ബോക്സിന് പുറത്തുനിന്നു സ്കൂപ്പ് ചെയ്ത് നൽകിയ പന്ത് മാക്സി അരൗജോ ഹെഡ് ചെയ്ത് പോസ്റ്റിന് കുറുകെ എത്തിക്കുന്നു. പോസ്റ്റിനടുത്ത്, കൃത്യമായ സ്ഥാനത്തുണ്ടായിരുന്ന അഗസ്റ്റിൻ കനോബിയോ വോളി അടിച്ച് പന്ത് വലയിലാക്കി. ഹാഫ് ടൈം വിസിൽ മുഴങ്ങിയപ്പോൾ യുറഗ്വായ് – 2 കാബോ വെർദെ–1
61–ാം മിനിറ്റിൽ കാബോ വെർദെയുടെ രണ്ടാം ഗോൾ പിറന്നു. ബോക്സിനരികിൽനിന്ന് ഔട്ട് എറിഞ്ഞ് നൽകിയ പന്ത് തടുക്കാനായി ഗോൾ കീപ്പർ മുന്നോട്ട് കയറി വന്നപ്പോഴായിരുന്നു കാബോ വെർദെ താരം ഹീലിയോ വരേലയുടെ ബുദ്ധിപരമായ നീക്കം. പന്ത് സ്വീകരിച്ച ഹീലിയോ ഗോൾ കീപ്പറെ വെട്ടിച്ച് പന്ത് വലയിലേക്ക് തൊടുത്തുവിട്ടു. ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം കയറി കാബോ വെർദോയുടെ രണ്ടാമത് ഗോൾ. യുറഗ്വായ് –2 കാബോ വെർദെ-2
ഇരുടീമുകളും മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ചവച്ചത്. രണ്ടാം പകുതിയിൽ യുറഗ്വായുടെ രണ്ട് ഷോട്ടുകൾ കാബോ വെർദെ കീപ്പർ വൊസീഞ്ഞ വിദഗ്ധമായി തടഞ്ഞു. 88–ാം മിനിറ്റിൽ യുറഗ്വായ്ക്ക് അനുകൂലമായ നിർണായക ഫ്രീകിക്കും ടീമിന് മുതലാക്കാനായില്ല. ബോക്സിന് തൊട്ടുപുറത്തുനിന്നു തൊടുത്തുവിട്ട പന്ത്് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. ഇൻജറി ടൈമിൽ യുറഗ്വായുടെ അഗസ്റ്റിൻ കനോബിയോയ്ക്ക് ലഭിച്ച മറ്റൊരു സുവർണാവസരവും പോസ്റ്റിന് പുറത്താണ് അവസാനിച്ചത്.

