
വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ തുർക്കിയെ അട്ടിമറിച്ച് ഓസ്ട്രേലിയക്ക് ഉജ്ജ്വല തുടക്കം. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് സോക്കറൂസ് തുർക്കിയെ നിഷ്പ്രഭമാക്കിയത്. കൗണ്ടർ അറ്റാക്കിങ്ങിൽ അസാധ്യ വേഗതയും ക്ലിനിക്കൽ ഫിനിഷിങ്ങും പുറത്തെടുത്ത ഓസ്ട്രേലിയക്കായി നെസ്റ്റോറി ഇരങ്കുണ്ട (27′), കോണർ മെറ്റ്കാഫ് (75′) എന്നിവർ ലക്ഷ്യം കണ്ടു.

വിജയത്തോടെ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി ഓസ്ട്രേലിയ ഏറെക്കുറെ സുരക്ഷിതമാക്കി. ഗ്രൂപ്പ് ഡിയില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ. 24 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തിയ തുർക്കിക്ക് ഈ തോൽവി കനത്ത തിരിച്ചടിയാണ്. ഓസ്ട്രേലിയൻ ഗോല്‍ കീപ്പര്‍ പാട്രിക് ബീച്ചിന്റെ മിന്നും സേവുകളും ജയത്തില്‍ നിര്‍ണായകമായി. തുര്‍ക്കി ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ബീച്ചിന്റെ കൈക്കരുത്തില്‍ അമര്‍ന്നത്.


