
ന്യൂയോര്‍ക്ക്: ലോകകപ്പ് സന്നാഹമത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ ഞെട്ടിച്ച് അള്‍ജീരിയ. ശക്തരായ ഡച്ച് സേനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അള്‍ജീരിയ അട്ടിമറിച്ചത്. മത്സരത്തിന്റെ 86- മിനിറ്റില്‍ അനിസ് ഹജ് മൂസയാണ് ഗോളടിച്ചത്. ഡച്ച് ക്ലബ് ഫെയെനൂര്‍ഡ് താരമായ ഹജ് മൂസയുടെ ആദ്യ അന്താരാഷ്ട്ര ഗോള്‍. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും നെതര്‍ലാന്‍ഡ്സിന് അള്‍ജീരിയന്‍ പ്രതിരോധം ഭേദിക്കാനായില്ല. അള്‍ജീരിയന്‍ ഗോള്‍കീപ്പര്‍ ലൂക സിദാന്റെ മികച്ച സേവുകളും ശ്രദ്ധേയമായി. ഫിഫ റാങ്കിംഗില്‍ നെതര്‍ലാന്‍ഡ്സ് ഏഴാം സ്ഥാനത്തും അള്‍ജീരിയ 28- റാങ്കുകാരുമാണ്. അള്‍ജീരിയയുടെ ലോകകപ്പ് മുന്നൊരുക്കങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം ഏകുന്നതാണ് ഈ ജയം. ഗ്രൂപ്പ് ജെയില്‍ നിലവില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കുള്ള മുന്നറിയിപ്പാണ് അള്‍ജീരിയയുടെ പ്രകടനം.



