ആന്ധ്രാപ്രദേശിൽ അജ്ഞാത രോഗം പടർന്ന് പിടിക്കുന്നു

ആന്ധ്രാപ്രദേശിൽ അജ്ഞാത രോഗം പടർന്ന് പിടിക്കുന്നു. ആന്ധ്രാപ്രദേശിലെ എലൂരില്‍ അജ്ഞാത രോഗം ബാധിച്ച് 292 പേരെ ആശുപത്രിയിൽ എത്തിച്ചു. ഇതില്‍ ഒരാള്‍ മരണപ്പെട്ടു. എലൂരുവിലെ ജി.ജി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കാരനാണ് വൈകിട്ടോടെ മരിച്ചത്. ചര്‍ദ്ദി, അപസ്മാരം എന്നീ ലക്ഷണങ്ങളോടെയാണ് ഇയാൾ ചികിത്സ തേടിയത് . വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് ആരോഗ്യസ്ഥിതി മോശമായ ഏഴ് പേരെ മാറ്റിയിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്കും മറ്റുമായി പ്രത്യേക ഡോക്ടര്‍മാരുടെ സംഘത്തെ എലൂരുവിലേക്ക് അയച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു.
140 ല്‍ അധികം രോഗികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഇവരെ ചികിത്സ നല്‍കിയ ശേഷം വീടുകളിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികള്‍ വ്യത്യസ്ത പ്രായത്തിലുള്ളവാരാണ്. ഇതില്‍ ഒരു ആറുവയസുകാരിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ വിജയവാഡയിലേക്ക് മാറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും എല്ലാരുടെയും റിസള്‍ട്ട് നെഗറ്റീവ് ആണ്.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി ആന്ധ്രാ പ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്നിയുമായി ഫോണില്‍ സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം തലക്കറക്കവും ചര്‍ദ്ദിയും വന്ന് ആളുകള്‍ പൊടുന്നനെ അബോധാവസ്ഥയിലായതിന്റെ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ എഴുപത് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിട്ടുണ്ട്. നിലവില്‍ 76 സ്ത്രീകളും 46 കുട്ടികളും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രോഗികളില്‍ ഭൂരിഭാഗവും പ്രായമായവരും കുട്ടികളുമാണ്.