

ഡൽഹി: മുടി വെട്ടി നശിപ്പിച്ചെന്ന മോഡലായ യുവതിയുടെ പരാതിയില്‍ വിധിച്ച നഷ്ട പരിഹാര തുക വെട്ടിക്കുറച്ച് സുപ്രീംകോടതി.
2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവാണ് സുപ്രീം കോടതി
റദ്ദാക്കിയത്. 2 കോടിക്ക് പകരം സലൂൺ നിലവിൽ കെട്ടിവെച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരമായി മതി എന്നാണ് സുപ്രീം കോടതി വിധിച്ചത്. 5 കോടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെങ്കിലും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ട പരിഹാരത്തുക 2 കോടിയായി തീരുമാനിക്കുകയായിരുന്നു. 2018ലായിരുന്നു സംഭവം. ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയിലെ സലൂണിനെതിരെയാണ് ആഷ്ന റോയി പരാതി നൽകിയത്

മുടിയുടെ അറ്റത്ത് നിന്ന് 4 ഇഞ്ച് വെട്ടണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെങ്കിലും 4 ഇഞ്ച് മാത്രം ബാക്കി വെച്ച് മുടി മൊത്തം വെട്ടിക്കളഞ്ഞെന്നായിരുന്നു ആഷ്നയുടെ പരാതി. മുടി വെട്ടുന്നതിനിടെ താൻ സംശയം ചോദിച്ചെങ്കിലും ഇത് ‘ലണ്ടൻ ഹെയർകട്ട്’ ആണെന്നായിരുന്നു മറുപടി നൽകിയതെന്നും ആഷ്ന പരാതിയില്‍ പറഞ്ഞിരുന്നു. മുടി പോയതിനാല്‍ തനിക്ക് സിനിമകളിലും മോഡലിങ്ങിലും അവസരങ്ങൾ നഷ്ടപ്പെട്ടെന്നായിരുന്നു
പരാതിക്കാരിയുടെ വാദം. ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്കും വിഷാദത്തിലേക്കും വരെ നയിച്ചതായും ആഷ്ന ചൂണ്ടിക്കാട്ടി .
എന്നാൽ മുടി വെട്ടിയത് കാരണം അവസരങ്ങളും വരുമാനവും നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്നതിൽ യുവതി പരാജയപ്പെട്ടെന്നായിരുന്നു സുപ്രീംകോടതിയുടെ നീരീക്ഷണം








