
കോട്ടയം; തിരുവഞ്ചൂരിൽ ഭർത്താവിന്റെ അമ്മയുടെ നിർദേശ പ്രകാരം ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ ഇരയാക്കിയത് കടുത്ത പീഡനങ്ങൾക്ക്. 10 മണിക്കൂറോളം നീണ്ട പൂജകൾക്കിടെ ബോധം മറയുന്നത് വരെ മദ്യം കുടിപ്പിച്ചെന്നും
ഭസ്മം തീറ്റിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി ശിവദാസ്, യുവതിയുടെ ഭർത്താവ് അഖിൽദാസ്, പിതാവ് ദാസ്, മാതാവ് എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അഖിൽദാസിനെ പ്രണയിച്ച യുവതി ഒപ്പം ജീവിക്കുന്നതിനായി വീട് വിട്ട് വരികയായിരുന്നു. അഖിൽദാസിന്റെ വീട്ടിൽ കഴിയുന്നതിനിടെയാണ് ദുരാത്മാക്കളെ ഒഴിപ്പിക്കാൻ ഭർതൃ മാതാവിൻ്റെ നിർദേശ പ്രകാരം മന്ത്രവാദം നടത്തിയത്

‘പ്രാർഥിച്ച് സോഫയിലിരിക്കാൻ പറഞ്ഞു. ഇരുന്നതിന് പിന്നാലെ കാലിൽ പട്ട് കൊണ്ട് നീളത്തിൽ കെട്ടി. 11 മണിയോടെ പൂജ തുടങ്ങി, ബാധ ഒഴിപ്പിക്കുന്നതിനായി മുടിയിൽ ആണി ചുറ്റി വിറകിൻ കഷണത്തിൽ തറച്ചു, മുടി പറിച്ചു മാറ്റി” – തനിക്ക് ഏല്‍ക്കേണ്ടി വന്ന
ക്രൂര പീഡനങ്ങളെക്കുറിച്ച് യുവതി പറയുന്നു. നെറ്റിയിലടക്കം പൊള്ളലേറ്റ പാടുകളുണ്ടെന്നും യുവതി വെളിപ്പെടുത്തി. മന്ത്രവാദത്തിന്റെയും പൂജയുടെയും ദൃശ്യങ്ങൾ ഭർത്താവിൻ്റെ സഹോദരി മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ കൈക്കലാക്കി താൻ തൻ്റെ സഹോദരിക്കും പൊലീസിനും കൈമാറുകയായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ഫോൺ കോൾ വരുമെന്ന് പൂജാരി തന്നോട് പറഞ്ഞിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന് വീട്ടിൽ നിന്ന് വിളിച്ച് പറഞ്ഞതോടെ താൻ ഭയന്നുവെന്നും തുടർന്നാണ് സഹോദരിയെ കണ്ട് വിവരം പറഞ്ഞതെന്നും യുവതി വ്യക്തമാക്കി


