
തിരുവനന്തപുരം; പോക്സോ കേസ് ഫ്രതിയായ തിരുവനന്തപുരം നിറമൺകര സ്വദേശി മുത്തു കുമാറിനെയാണ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഇയാള്‍ 25 വർഷത്തിന് ശേഷമാണ് പിടിയിലാകുന്നത്.
2001ൽ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ ട്യൂഷൻ അധ്യാപകനായിരുന്നു പ്രതി. പെൺകുട്ടിയെ ഇയാള്‍ സ്വന്തം വീട്ടിലെത്തിച്ച ശേഷമാണ് പീഡിപ്പിച്ചത്.
കുട്ടിയെ സ്കൂളിൽ നിന്ന് കാണാതായതോടെ അധ്യാപകർ വീട്ടുകാരെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ മുത്തുകുമാറിൻ്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി. മുത്തുകുമാറിനെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് രക്ഷപ്പെട്ടു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാള്‍ ചെന്നൈയിൽ എത്തി മതം മാറി സാം എന്ന പേരിൽ പാസ്റ്ററായി ജീവിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ രണ്ട് തവണ വിവാഹവും ചെയ്തിട്ടുണ്ട്

കേരളത്തിലും പുറത്തും നിരവധി തവണ അന്വേഷിച്ച പൊലീസിന് ഇയാളെ കണ്ടെത്താനായില്ല. അതിന്റെ പ്രധാന കാരണം സംഭവ ശേഷം ഇയാള്‍
ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കി എന്നതാണ്. എന്നാലും പബ്ലിക് ടെലിഫോൺ ബൂത്തുകളിൽ നിന്ന് ഇയാൾ തിരുവനന്തപുരത്തുള്ള തന്റെ ബന്ധുക്കളെ ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. ചെറിയ സൂചന ലഭിച്ചതിനാല്‍ ഈ ബന്ധുക്കളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവർക്ക് വന്ന ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാൽ നൂറ്റാണ്ടിന് ശേഷം പ്രതിയെ ചെന്നൈയിലെ അയണവാരത്ത് നിന്ന് പിടികൂടാൻ പൊലീസിനെ സഹായിച്ചത്. കേരള പൊലീസ് താമസ സ്ഥലത്ത് എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഭൂതകാലം മറച്ചു വെച്ച് പാസ്റ്ററായി ജീവിതം നയിച്ചിരുന്ന മുത്തു കുമാറിനെ പോലീസ് വിലങ്ങ് വെച്ചതോടെ വിവരങ്ങൾ എല്ലാം അറിഞ്ഞ ഞെട്ടലിലാണ് ഇയാളെ അറിയാവുന്ന സമീപവാസികളും മറ്റും


