
പേരാമ്പ്ര സംഘർഷത്തില്‍ പൊലീസിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ്. ഏപ്രിൽ 10 ന് രാത്രിയിലെ 6 ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. കണ്ണീർ വാതകം പ്രയോഗിക്കുന്നതിനിടെ
പൊലീസ് നിൽക്കുന്ന ഭാഗത്ത് നിന്ന് ഒരു സാധനം വന്ന് വീണ് പൊട്ടുന്നതാണ് ഒരു ദൃശ്യത്തിലുള്ളത്. പൊലീസ് നിൽക്കുന്ന ഭാഗത്ത് ടിയർ ഗ്യാസ് ഷെല്ലുമായി വടകര ഡിവൈഎസ്പി ഹരിപ്രസാദ് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എംപി സ്ഥലത്തുണ്ടന്ന ശബ്ദവും കേൾക്കാം. സിപിഎമ്മുകാർ ആയുധങ്ങളുമായി സ്ഥലത്ത് ഉണ്ടായിരുന്നെന്നും
ആ ഭാഗത്ത് നിന്നാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ആരോപിച്ചു.
സ്ഫോടക വസ്തു എറിഞ്ഞത് പൊലീസും സിപിഎം പ്രവർത്തകരും നിൽക്കുന്ന ഭാഗത്ത് നിന്നാണെന്നാണ് ദൃശ്യങ്ങള്‍ കാണിച്ച് കോണ്‍ഗ്രസ് വാദിക്കുന്നത്.

അതിനിടെ പേരാമ്പ്രയിലെ സംഘർഷത്തില്‍ പൊലീസ് യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിന് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘടനം ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 5 യുഡിഎഫ് പ്രവര്‍ത്തകരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അതേ സമയം സംഘർഷത്തിലും യുഡിഎഫ് സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.


