
പാലക്കാട്: നെന്മാറ സജിത വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ അയൽവാസി ചെന്താമരയുടെ ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും. പാലക്കാട് നാലാം അഡീഷണൽ കോടതി ജഡ്ജി കെന്നത്ത് ജോർജ് ആണ് വിധി പ്രഖ്യാപിക്കുക. അതിക്രമിച്ച് കടക്കൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളിൽ ചെന്താമര കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസ്ക്യൂഷൻ ഇന്ന് ആവശ്യപ്പെട്ടു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയില്‍ പ്രതി ചെന്താമരയെ ഇന്ന് ഓൺലൈനായാണ് ഹാജരാക്കിയത്. ഈ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി പ്രതി ഇരട്ടക്കൊല നടത്തിയത് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പരോൾ പോലും അനുവദിക്കാതെ ശിക്ഷിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു

അതേസമയം ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചു. ഇരട്ടക്കൊലപാതകം
ഈ കേസുമായി കൂട്ടിക്കെട്ടരുത്. മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലാതിരുന്ന ആളായിരുന്നു ചെന്താമരയെന്നും അപൂർവങ്ങളിൽ അപൂർവമായ കേസല്ല ഇതെന്നും പ്രതിഭാഗം വാദിച്ചു. ഒരു തെളിവുമില്ലാത്ത കേസാണിതെന്നും വാദിച്ചു. നെന്മാറ പോത്തുണ്ടി ബോയൻസ് നഗര്‍ സ്വദേശിനി സജിത 2019 ഓഗസ്റ്റ് 31നാണ് കൊല്ലപ്പെട്ടത്. കേസിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് ഏക പ്രതിയായ അയല്‍വാസി ചെന്താമരയ്ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമായിരുന്നു ചെന്താമര സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയത്. ഭാര്യയും മകളും തന്നെ വിട്ടു പോകാൻ കാരണം സജിതയുടെ ഇടപെടലാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു വിചാരണ ഘട്ടത്തിൽ പ്രതി മൊഴി നല്‍കിയത്


