
തിരുവനന്തപുരം; നെയ്യാറ്റിന്‍കരയിലെ സലിത കുമാരിയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്ളിന്
എതിരെ ഗുരുതര ആരോപണവുമായി മകന് രാഹുല്‍. സലിതയുടെ ആത്മഹത്യാക്കുറിപ്പ് അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. നഗരസഭാ കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജെ. ജോസ് ഫ്രാങ്ക്ലിന്റെ പേര് ആത്മഹത്യാ ക്കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ജനപ്രതിനിധി എന്ന നിലയില്‍ പല ആവശ്യങ്ങള്‍ക്കും ഇയാളുമായി അമ്മ ബന്ധപ്പെട്ടിരുന്നു.
ജോസ് ഫ്രാങ്ക്ളിന് ഉപദ്രവിക്കുന്നുവെന്ന് അമ്മ പരോക്ഷമായി പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും പല രീതിയിലുള്ള ശല്യമുണ്ടെന്നും അമ്മ കുറിപ്പില്‍ എഴുതിയിട്ടുണ്ട് എന്നും രാഹുല്‍ വ്യക്തമാക്കി

ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ അഞ്ചിനാണ് പരേതനായ കന്നത്ത് ഗബ്രിയേലിൻ്റെ ഭാര്യ സലിതകുമാരി (52) തീപ്പൊള്ളലേറ്റ് മരിച്ചത്. പുലർച്ചെ രണ്ട് മണിക്ക്, ടെക്നോപാർക്കിൽ ജോലിചെയ്യുന്ന മകൾ സ്നേഹയ്ക്ക് ഭക്ഷണമുണ്ടാക്കി
ക്കൊടുത്ത് വീണ്ടും കിടന്നതായിരുന്നു.
മകൻ രാഹുലും അടുത്ത ബന്ധുക്കളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ,
ഗ്യാസ് തുറന്ന് വെച്ചതോർക്കാതെ അടുപ്പിന് തീ കൊളുത്തിയതാണ് മരണ കാരണമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ ആത്മഹത്യാകുറിപ്പ് ലഭിച്ചതോടെയൊണ് സ്വാഭാവിക മരണമല്ലെന്നും
ആത്മഹത്യയാണെന്നും വ്യക്തമായത്.
സലിതകുമാരി സ്വയം ഗ്യാസ് സിലിൻഡർ തുറന്ന് വിട്ട ശേഷം തീകൊളുത്തി ജീവനൊടുക്കിയെന്നാണ് പോലീസ് നിഗമനം

ഏതാനും മാസം മുൻപ് സലിതകുമാരി മുട്ടയ്ക്കാട് കവലയിൽ ബേക്കറി തുടങ്ങിയിരുന്നു. ഇതിനായി വായ്പ തരപ്പെടുത്താമെന്ന് ഡിസിസി ജനറൽ സെക്രട്ടറിയായ ജെ.ജോസ് ഫ്രാങ്ക്ലിൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യം ചോദിക്കുമ്പോഴെല്ലാം മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തതെന്നാണ് കുറിപ്പിൽ എഴുതിയിട്ടുള്ളത്.
”ജോസ് ഫ്ലാങ്ക്ളിന്‍ രാത്രി സമയങ്ങളിലും അമ്മയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുമായിരുന്നു. അമ്മയെ ലൈംഗികമായ കാര്യങ്ങള്‍ക്ക് വരെ നിര്‍ബന്ധിച്ചു. വല്ലാത്ത ഉപദ്രവം ജോസ് ഫ്രാങ്ക്ളിന്റെ ഭാഗത്തു നിന്നുമുണ്ടായി. പിന്നീട് അമ്മ വായ്പാ അപേക്ഷയുമായി പോകാതെയായി” – രാഹുല്‍ പറഞ്ഞു . ഈ സാഹചര്യത്തില്‍ കൂടുതൽ അന്വേഷണം നടത്തിയ ശേഷം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്ന് നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ എസ് ബി പ്രവീൺ അറിയിച്ചു

