
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായ ആക്രമണത്തിൽ പ്രതികരണവുമായി പ്രതി സനൂപിൻ്റെ ഭാര്യ രംബീസ. സനൂപ് പ്രതികരിച്ച രീതി ശരിയായില്ല,
നിയമപരമായി മുന്നോട്ടു നീങ്ങുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്,
രംബീസ പറഞ്ഞു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു എന്ന് പറയുന്ന മകള്
അനയയെ നേരത്തെ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെട്ടേനെയെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞിരുന്നു. ഇതിനു ശേഷം സനൂപ് ഡിപ്രെഷനിലായെന്നും രംബീസ പറഞ്ഞു ഇന്നലെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി സനൂപ് ഡോക്ടറെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചത്

മകളുടെ മരണ ശേഷം സനൂപ് രാത്രിയിൽ ഉറക്കമില്ലാതെ വീടിന് ചുറ്റും നടക്കുമെന്നും പാതിരയ്ക്ക് പോലും മക്കളെ കെട്ടിപ്പിടിച്ച് കരയുമെന്നും രംബീസ പറഞ്ഞു. ” മകൾ മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചല്ലെന്ന് ഡോക്ടർമാർ അന്ന് പറഞ്ഞിരുന്നു. പിന്നീട് മൊഴി മാറ്റുകയാണ് ചെയ്തത്. കുട്ടി മരിക്കാൻ കാരണം അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞത്.
മകളുടെ മരണത്തിൽ നീതി വേണം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ഇനി ഒറ്റക്ക് നിയമ പോരാട്ടം നടത്തും. ഇത്ര സമയമായിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. അത് മുക്കുമോ എന്ന് സംശയിക്കുന്നു” – രംബീസ പറഞ്ഞു

അതെ സമയം രാസ പരിശോധനാ ഫലം വൈകുന്നതിനാലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതെന്ന് താമരശ്ശേരി ഡിവൈഎസ്പി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാക്കി ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂവെന്നും ഡിവൈഎസ്പി വ്യക്തമാക്കി. അനയയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല എന്ന തരത്തിൽ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്
ഡോ ഗോപാലകൃഷ്ണനും പ്രതികരിച്ചു

