
കൊച്ചി: വേടന് ബലാത്സംഗ കേസില്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന യുവ ഡോക്ടറുടെ പരാതിയിലായിരുന്നു വേടനെതിരെ കേസെടുത്തത്.
വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം. കേസില്‍ പൊലീസ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് ചെയ്താലും ഉടന്‍ സ്റ്റേഷന് ജാമ്യത്തില്‍ വിടും.

അതിനിടെ പൊലീസുമായി സഹകരിക്കുമെന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിയ വേടന് മാധ്യമങ്ങളോട് വ്യക്തമാക്കി. കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും പറയാൻ കഴിയില്ല. താൻ ഇവിടെ തന്നെയുണ്ട്, എവിടെയും പോകുന്നില്ല, അകത്തുപോയി സംസാരിച്ചിട്ട് വരാമെന്നും എല്ലാം പിന്നീട് പറയാമെന്നും വേടൻ പറഞ്ഞു.

വിവാഹത്തിൽ നിന്ന് വേടൻ പിന്മാറിയത് മാനസികാരോഗ്യം തകർത്തെന്നും അത് കൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നുമാണ് അതിജീവതയുടെ അഭിഭാഷക ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വാദിച്ചത്. അതേ സമയം സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അടിസ്ഥാനമില്ലാത്ത വാദങ്ങൾ പരിഗണിക്കാനാകില്ലെന്നും വിവാഹ വാഗ്ദാനമെന്നത് ക്രിമിനൽ കുറ്റം ചുമത്താൻ പര്യാപ്തമല്ലെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.
ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്ന കാലത്തുണ്ടായ ശാരീരിക ബന്ധം അകൽച്ചയോടെ എങ്ങനെ ബലാത്സംഗമാകുമെന്നും കോടതി ചോദിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത മറ്റൊരു കേസിലും വേടന് പ്രതിയാണെങ്കിലും ഈ കേസിലെ പരാതിക്കാരി ഇതുവരെ മൊഴി നല്കാത്തതിനാല് തുടര്‍ നടപടികള്‍ വൈകുകയാണ്.

