
ധര്‍മ്മസ്ഥല; ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ ലോറി ഉടമയും യൂട്യൂബറുമായ മനാഫിനെ ധർമ്മസ്ഥലയില്‍ സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന ചിന്നയ്യയുടെ വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. ധർമ്മസ്ഥല കേസ് സത്യമാണെന്നും ബലാത്സംഗം ചെയ്ത് കേരള സാരി ഉടുത്ത സത്രീകളെ ഉള്‍പ്പെടെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ബെൽത്താങ്കടിയിലെ ഓഫീസിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം മനാഫിനെ ചോദ്യം ചെയ്യുന്നത്. മനാഫിനൊപ്പം അഭിഷേക്, ഗിരീഷ് മട്ടന്നവർ എന്നിവരെയും എസ്ഐടി ചോദ്യം ചെയ്യുന്നുണ്ട്. ധർമ്മസ്ഥലയിൽ നേരിട്ട് എത്തിയ മനാഫ് ആരോപണമുന്നയിച്ച പലരെയും നേരിൽ കണ്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ മനാഫിൽ നിന്നും ചോദിച്ചറിയും.

ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീകളുടെ ഉൾപ്പെടെ നൂറിലേറെ മൃതദേഹം ധർമ്മസ്ഥലയിൽ കുഴിച്ചിട്ടെന്ന സാക്ഷി ചിന്നയയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇതിനെ അനുകൂലിച്ച് നിരവധി വീഡിയോകൾ മനാഫ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. സംശയ നിഴലിലുള്ള യൂട്യൂബർ ജയന്തിന്റെ സഹായത്തോടെയായിരുന്നു ഇത്. അറസ്റ്റിലായ ചിന്നയ്യയിൽ നിന്നും, മകളെ കാണാനില്ലെന്ന അവകാശ വാദവുമായി എത്തിയ സുജാതാ ഭട്ടിൽ നിന്നും സൂചന ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം യൂട്യൂബർമാരെ ചോദ്യം ചെയ്യുന്നത്. മനാഫിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഓണവും നബിദിനവും കണക്കിലെടുത്ത് ഇളവ് വേണമെന്ന മനാഫിൻ്റെ ആവശ്യം എസ്ഐടി അംഗീകരിച്ചിരുന്നു. ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരാകാമെന്നാണ് മനാഫ് അറിയിച്ചിരുന്നത്.


