
കണ്ണൂര്‍ ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കും.
അയ്യപ്പ സംഗമം രാഷ്ട്രീയ തട്ടിപ്പ് ആണെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 22ന് വിശ്വാസ സംഗമം സംഘടിപ്പിക്കാണ് നീക്കം. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും സംയുക്തമായാണ് പന്തളത്ത് വിശ്വാസ സംഗമം നടത്തുന്നത്. പന്തളം കൊട്ടാരത്തിന്റെ പിന്തുണയും ഉറപ്പിക്കും. സംഗമത്തില്‍ ബിജെപി നേരിട്ട് പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. പക്ഷെ പൂർണ പിന്തുണ ഉണ്ടാകും.

ആഗോള അയ്യപ്പ സംഗമത്തിന് ബദലായി യാഥാർത്ഥ അയ്യപ്പ ഭക്തരുടെ സംഗമം, വിശ്വാസ സംഗമമാണ് എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എൻഎസ്എസ് അടക്കമുള്ള സംഘടനകളെയും ക്ഷണിക്കാനാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ളവരെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള സർക്കാരിന്റെ അയ്യപ്പ സംഗമം തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിപുലമായ രീതിയിൽ വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്.


