
കണ്ണൂര്‍; സിപിഎമ്മിൽ വൻ വിവാദമായ കത്ത് ചോർച്ചയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ അപകീര്‍ത്തി നോട്ടീസിന് മറുപടി നൽകി വ്യവസായി മുഹമ്മദ് ഷർഷാദ്.
‘വ്യക്തിഹത്യ നടത്തിയിട്ടില്ല, കത്ത് ചോർത്തിയത് എം വി ഗോവിന്ദന്റെ മകനെന്ന് സംശയം മാത്രം’ എന്ന തരത്തിലാണ് മറുപടി നല്‍കിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. അഡ്വ. ശ്രീജിത് എസ് നായർ മുഖേനയാണ് മുഹമ്മദ് ഷർഷാദ് മറുപടി അയച്ചത്

‘എം വി ഗോവിന്ദനെ വ്യക്തിഹത്യ ചെയ്യുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ല. കത്ത് ചോർത്തിയതിൽ എം വി ഗോവിന്ദൻ്റെ മകൻ ശ്യാംജിത്തിനെ സംശയിക്കുക മാത്രമാണ് ചെയ്തത്. രാജേഷ് കൃഷ്ണയുമായി ശ്യാംജിതിനുള്ള ബന്ധമാണ് സംശയത്തിന് പിന്നില്‍. പിബിക്ക് നൽകിയ കത്ത് സാമൂഹിക മാധ്യമങ്ങളിൽ താൻ പങ്ക് വെച്ചിട്ടില്ല”- ഗോവിന്ദന്റെ നോട്ടീസിനുള്ള മറുപടിയില്‍
മുഹമ്മദ് ഷർഷാദ് വ്യക്തമാക്കുന്നു

രാജേഷ് കൃഷ്ണക്കെതിരെ ഹർഷാദ് പിബിക്ക് നൽകിയ പരാതി ചോർന്നെന്നും ഇതിന് പിന്നിൽ എം വി ഗോവിന്ദന്റെ മകൻ ആണെന്നുമുള്ള
വാര്‍ത്തകൾ വൻ വിവാദമായതിന് പിന്നാലെയാണ് ഗോവിന്ദൻ നിയമ നടപടിയിലേക്ക് നീങ്ങിയത്. ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ഷെർഷാദിന് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്. ‘മകൻ കത്ത് ചോർത്തിയെന്ന ആരോപണം പൊതു സമൂഹത്തിൽ തനിക്ക് അവമതിപ്പുണ്ടാക്കി. ആരോപണം പിൻവലിച്ച് മാപ്പ് പറയണം. തെറ്റായ ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കണം’ – എം വി ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടീസിലെ ആവശ്യങ്ങള്‍ ഇതൊക്കെയായിരുന്നു

