
എറണാകുളം ; കോട്ടുവള്ളിയിലെ ആശ ബെന്നി ഇന്നലെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ജീവനൊടുക്കിയത്. വട്ടിപ്പലിശക്കാരിയായ അയൽവാസി ബിന്ദുവും ഭര്‍ത്താവ് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന് പ്രദീപും നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ആശ ബെന്നി ആത്മഹത്യ ചെയ്തത്. ഇവര്‍ അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനം നൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.അതെ സമയം ആശയ്ക്ക് പണം നൽകിയ ബിന്ദുവും ഭർത്താവും വീട്ടിൽ ഇല്ലെന്നാണ് വിവരം. ആശ ആത്മഹത്യ ചെയ്തതോടെ ഇരുവരും വീട് വിട്ടു പോവുകയായിരുന്നു.

കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും പ്രദീപും ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിയെ കുറിച്ച് -ആശ ആലുവ റൂറല്‍ എസ്പിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പരാതിക്ക് പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ പലിശക്കാര്‍ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു.

പൊലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്. മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ആത്മഹത്യ കുറിപ്പിലും പറയുന്നുണ്ട്. റിട്ട. പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് നേരത്തെയും സര്‍വീസ് നടപടികള്‍ നേരിട്ടിട്ടുണ്ട്.
ആശയുടെ പോസ്റ്റ്മോർട്ടം രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിൽ നടക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

