നടൻ സൗബിനെ അറസ്റ്റ് ചെയ്തു; സിനിമ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ് മറ്റ് 2 നിർമ്മാതാക്കളെ അറസ്റ്റ് ചെയ്യും

കൊച്ചി; മഞ്ഞുമ്മൽ ബോയ്സ് സിനിമ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടൻ സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാലാണ് ജാമ്യത്തില്‍ വിട്ടത്. കേസിലെ മറ്റ് 2 നിര്‍മ്മാതാക്കളുണെ കൂടി അറസ്റ്റ് രേഖപ്പെടുത്തും.

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിൻ്റെ നിർമാണത്തിനായി സിറാജ് വലിയതുറയില്‍ നിന്ന് ഏഴ് കോടി രൂപ വാങ്ങിയിരുന്നെങ്കിലും ഒരു രൂപ പോലും ലാഭവിഹിതം നൽകിയില്ല എന്നാണ് കേസ്. ലാഭ തുക ലഭിച്ചിട്ടും പരാതിക്കാരൻ്റെ കടം വീട്ടാതെ നിര്‍മാതാക്കളില്‍ ഒരാള്‍ സ്ഥിര നിക്ഷേപം നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

അതേ സമയം പരാതിക്കാരന് പണം മുഴുവൻ നൽകിയതാണെന്നും ലാഭ വിഹിതം നൽകാൻ തയ്യാറാണെന്നും സൗബിൻ ചോദ്യം ചെയ്യലിനെത്തിയപ്പോൾ പ്രതികരിച്ചു. ‘ലാഭവിഹിതം മാറ്റി വച്ചിട്ടുണ്ട്. ഇതിനിടയിലാണ് കേസ് കൊടുത്തത് ‘ – സൗബിൻ വ്യക്തമാക്കി. പണം മുഴുവൻ തിരികെ നൽകിയിരുന്നതായി സൗബിന്‍റെ മൊഴിയിലും പറയുന്നു. 6 കോടി 50 ലക്ഷം രൂപ ചിത്രം റിലീസായി രണ്ട് ആഴ്ചയ്ക്കുള്ളിൽ മടക്കി നൽകി. രണ്ട് മാസം മുൻപാണ് മുഴുവൻ ലാഭവും ലഭിച്ചത്. ഇതിനിടയിലാണ് സിറാജ് കേസ് കൊടുത്തത്. ഇനി കോടതിയിൽ പ്രശ്നം പരിഹരിക്കാം. മാധ്യമങ്ങളിൽ വാർത്ത നൽകി ഭീഷണിപ്പെടുത്തി പണം വാങ്ങാനാണ് പരാതിക്കാരൻ ശ്രമിക്കുന്നതെന്നും സൗബിൻ പോലീസിന് നല്‍കിയ  മൊഴിയിലുണ്ട്.