
ബെംഗളൂരു: കര്‍ണാടകയില്‍ ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് സ്കൂളില്‍ നിന്ന് കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. സ്കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരുടെ രക്ഷിതാക്കള്‍ളും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ സ്കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്.


