ക്ലാസ്‌റൂം അഴിമതിക്കേസ്; AAP നേതാക്കളായ മനീഷ് സിസോദിയയ്‌ക്കും സത്യേന്ദര്‍ ജെയിനിനും സമൻസ് അയച്ചു

ഡൽഹി: ക്ലാസ് റൂം നിർമാണ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി മുന്‍ മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവർക്ക് ഡൽഹി പൊലീസ് സമൻസ് അയച്ചു. 2000 കോടിയുടെ അഴിമതിയാണ് ഇവർ നടത്തിയതെന്നാണ് ആരോപണം. മുൻ ആം ആദ്മി സർക്കാരിൻ്റെ കാലത്ത് 12,748 ക്ലാസ് മുറികളുടെയും കെട്ടിടങ്ങളുടെയും നിർമാണം ഉയർന്ന ചെലവിൽ നടത്തിയെന്ന് ആരോപിച്ച് അഴിമതി വിരുദ്ധ ബ്യൂറോ രണ്ട് നേതാക്കൾക്കെതിരെയും എഫ്ഐആർ ഫയൽ ചെയ്തിരുന്നു.

ഏകദേശം അഞ്ച് ലക്ഷം രൂപയ്ക്ക് നിർമിക്കാൻ സാധിക്കുന്ന ക്ലാസ് മുറികൾ 24.86 ലക്ഷം രൂപയ്ക്കാണ് നിർമിച്ചത് .
ഈ കാലത്ത് ആം ആദ്മി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മനീഷ് സിസോദിയ. സത്യേന്ദർ ജെയിൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും. കാര്യമായ വ്യതിയാനങ്ങളും ചെലവ് വർധനയും ശ്രദ്ധയിൽപ്പെട്ടെങ്കിലും നിർദ്ദിഷ്ട കാലയളവിനുള്ളിൽ ഒരു ജോലി പോലും പൂർത്തിയാക്കിയില്ല എന്നും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.